Headlines

കാക്കാഴം മേൽപാലത്തിൽ ബൈക്ക് അപകടം: 2 വിദ്യാർഥിനികൾ തെറിച്ചുവീണത് 30 അടി താഴ്ചയിലേക്ക്

അമ്പലപ്പുഴ ∙ കാക്കാഴം റെയിൽവേ മേൽപാലത്തിൽ രാവിലെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ടു വിദ്യാർഥിനികൾ മുപ്പതടിയോളം താഴ്ചയിലേക്കു തെറിച്ചുവീണു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി താഴെ അടുക്കിവച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലേക്കു വീണ പെൺകുട്ടികൾക്കു ഗുരുതര പരുക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും ഗുരുതര പരുക്കുണ്ട്.

കാക്കാഴം കമ്പിവളപ്പ് വിജയ ഭവനത്തിൽ ആർ.രാഹുൽ (35), സഹോദരീപുത്രി ദേവാംശി (18), സുഹൃത്ത് നീർക്കുന്നം രത്നസദനത്തിൽ ദിയ (18) എന്നിവർക്കാണു പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്ന കാറുമായാണ് എതിർദിശയിൽ വന്ന ബൈക്ക് കൂട്ടിയിടിച്ചത്.

കാർ യാത്രികർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ദേവാംശിക്കും ദിയയ്ക്കും നട്ടെല്ലിനും തലയ്ക്കും കൈകാലുകൾക്കും പരുക്കുണ്ട്. കൈകാലുകൾ ഒടിഞ്ഞ രാഹുലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ദേവാംശി കൊച്ചിയിലെ സ്ഥാപനത്തിൽ ബിബിഎയ്ക്കും ദിയ ജർമൻ ഭാഷാകോഴ്സിനും പഠിക്കുകയാണ്. ഇവരെ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലിറക്കാൻ പോകുമ്പോൾ രാവിലെ 6.15ന് ആയിരുന്നു അപകടം.‌

ഇടിയുടെ ആഘാതത്തിൽ രാഹുൽ പാലത്തിന്റെ നടപ്പാതയിൽ തലയിടിച്ചുവീണു. ദേവാംശിയും ദിയയും പാലത്തിന്റെ കൈവരിയുടെ മുകളിലൂടെ താഴേക്കു പതിക്കുകയായിരുന്നു. കോൺക്രീറ്റ് ബ്ലോക്കുകളിലേക്കു വീണ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടികളെ പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം രാഹുലിനെയും ദേവാംശിയെയും ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും ദിയയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബൈക്ക് പൂർണമായി തകർന്നു. മുൻഭാഗം തകർന്ന കാർ പാലത്തിൽ നിന്നു മാറ്റിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.