Headlines

മാപ്പ് പറയണമെന്ന് ഞാന്‍ പറയുന്നില്ല, ചെയ്ത നടപടികള്‍ തെറ്റായിപ്പോയെന്ന് പറയാനുള്ള ആര്‍ജവം കാലടിയിലെ വി സിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും കാണിക്കണം: എം വി ഗോവിന്ദന്‍

കണ്ണൂര്‍: ധനരാജ് വധക്കേസ് വിധിയിലും കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സിംഗിള്‍ ബെഞ്ച് തീരുമാനത്തിലും പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിഷ്ഠൂര കൊലപാതകമെന്ന് കോടതി തന്നെ പറഞ്ഞ കേസില്‍ 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയയ്ക്കുന്ന സ്ഥിതിയുണ്ടായി. തെളിവുകളുടേയും മറ്റും അഭാവം മാത്രമാണുള്ളത്. സി വി ധനരാജ് വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതായും എം വി ഗോവിന്ദന്‍ പറഞ്ഞു. (mv govindan on kalady university high court verdict)

ഉന്നതവിദ്യാഭ്യാസ രംഗത്തെ ചില പ്രശ്‌നങ്ങള്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥികള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അവരെ പരിഹസിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയതെന്നും ഇതിന്റെ ചുവടുപിടിച്ചാണ് കള്ളക്കേസുകള്‍ രൂപംകൊണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോടതി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത ഈ സാഹചര്യത്തില്‍ മാപ്പ് പറയണമെന്ന് താന്‍ പറയുന്നില്ല. പക്ഷേ ചെയ്ത നടപടികള്‍ തെറ്റായിപ്പോയെന്ന് പറയാനുള്ള ആര്‍ജവം കാലടിയിലെ വി സിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും കാണിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി അനുവദിച്ചുകൊണ്ട് സര്‍വകലാശാലയുടെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടും സസ്‌പെന്‍ഷന്‍ ഉത്തരവുകളും ശിക്ഷാനടപടികളും റദ്ദാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഉടനടി തന്നെ ക്ലാസുകളില്‍ പ്രവേശിക്കാനാകും. നടപടി നേരിട്ട വിദ്യാര്‍ഥികള്‍ക്കായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേക സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചിട്ടുമുണ്ട്.നിലവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തിയിരിക്കുന്ന അന്വേഷണങ്ങള്‍ ചട്ടവിരുദ്ധമായിരുന്നുവെന്നും വിദ്യാര്‍ഥികളെ കേട്ടില്ലെന്നുമുള്ള വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.