ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളാണ് പങ്കെടുക്കുന്നത്. വിജയസാധ്യത കണക്കിലെടുത്തുള്ള മണ്ഡലങ്ങളുടെ പട്ടിക ഇരു പാര്‍ട്ടികളും മുന്നോട്ടുവച്ചിട്ടുണ്ട്.
സമാജ്വാദി പാര്‍ട്ടി സാന്നിധ്യം പരിമിതമായ ബുന്ദേല്‍ഗണ്ഡ്, പടിഞ്ഞാറന്‍ യുപി മേഖലകളിലാണ് കോണ്‍ഗ്രസ് അവകാശം ഉന്നയിച്ചിരിക്കുന്നത്. 181 മണ്ഡലങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് വിജയ സാധ്യത കണക്കിലെടുത്തുള്ള പട്ടികയിലേക്ക് കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ വഴിമാറുന്നു എന്നാണ് സൂചന. 65 എ ഗ്രേഡ് സീറ്റുകളും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ സാധ്യതയുള്ള 45 മണ്ഡലങ്ങളും സീറ്റുകളും പ്രഥമ പരിഗണയാക്കും.
50 ഓളം സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടിയുടെ വാഗ്ദാനം. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്‌ട്രൈക്ക് റേറ്റ് രണ്ട് പാര്‍ട്ടികളും പരിഗണിക്കുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ ചീഫ് ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസിന്റെ പാനലിന് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍-ചാര്‍ജ് രാജേന്ദ്രപാല്‍ ഗൗതം നേതൃത്വം നല്‍കുന്നു. ഉത്തര്‍പ്രദേശ് വര്‍ക്കിംഗ് പ്രസിഡണ്ട് ഇമ്രാന്‍ മസൂദും സംഘത്തില്‍ ഉണ്ട്.
നാളെയും ചര്‍ച്ച തുടരും. അതേസമയം ഫോം 6മായി വീടുകള്‍ കയറിയിറങ്ങാന്‍ ബിജെപി നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു നിയമസഭാ മണ്ഡലത്തില്‍ 15000 ത്തോളം പുതിയ വോട്ടര്‍മാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം. 1.27 കോടി ഹിന്ദു വോട്ടര്‍മാര്‍ പുറത്തായെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനിടെയാണ് ബിജെപിയുടെ നിര്‍ണായക നീക്കം.







