Headlines

‘വരൂ, നമുക്കൊന്ന് സ്റ്റേഷൻ വരെ പോകാം’! തൃശൂരിലെ തട്ടിപ്പു കേസ് പ്രതി റോഡിൽ; നാടകീയമായി പിടികൂടി പൊലീസുകാരൻ

തൃശൂർ ∙ റെയിൽവേയിൽ ജോലി നൽകാമെന്നു പറഞ്ഞു പലരിൽനിന്ന് ഒരു കോടിയോളം രൂപ തട്ടിച്ചെടുത്തു യുപിയിലേക്കു മുങ്ങിയ പിടികിട്ടാപ്പുള്ളിയെ എസിപി ഓഫിസിനു മുന്നിൽ നിന്നു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നാടകീയമായി പിടികൂടി! നെന്മണിക്കര പാലാഴി രഞ്ജിത്ത് (45) ആണ് അറസ്റ്റിലായത്.

ട്രാഫിക് ഡ്യൂട്ടിക്കിടെ റോഡരികിലൂടെ നടന്നുനീങ്ങുന്നയാളെ കണ്ടു മുഖപരിചയം തോന്നിയ സീനിയർ സിപിഒ ഷിബു ജോർജ് അരികിലെത്തി പേരു ചോദിച്ചപ്പോഴാണു പിടികിട്ടാപ്പുള്ളി പെട്ടത്. മുൻപു രഞ്ജിത്തിനെ തിരഞ്ഞു ബെംഗളൂരു വരെ പോയ പൊലീസ് സംഘത്തിൽ അംഗമായിരുന്ന ഷിബു ജോർജ് പ്രതിയോടു പറഞ്ഞു, ‘വരൂ നമൂക്കൊന്നു പൊലീസ് സ്റ്റേഷൻ വരെ പോകാം!’

ഷിബു ജോർജ് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന സമയത്ത് 21 ലക്ഷം രൂപയുടെ തൊഴിൽതട്ടിപ്പ് സംബന്ധിച്ച പരാതി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്നു. നെന്മണിക്കര സ്വദേശിയും അരണാട്ടുകരയിൽ സ്ഥിരത‍ാമസമാക്കിയ ആളുമായ രഞ്ജിത്തും ഗുരുവായൂർ സ്റ്റേഷനിൽ ജോലിചെയ്തിരുന്ന സിവിൽ പൊലീസ് ഓഫിസർ വിനോദ്കുമാറുമടക്കം 3 പേരാണു കേസിൽ പ്രതികളെന്നു കണ്ടെത്തി. അറസ്റ്റിലായ വിനോദ് ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്. എന്നാൽ, രഞ്ജിത്തിനെ തിരഞ്ഞുപോയ പൊലീസ് കണ്ടെത്തിയതു വൻ തട്ടിപ്പുകൾ.

കുന്നംകുളം, ആളൂർ, കൊരട്ടി, പുത്തൻകുരിശ് തുടങ്ങി പല സ്റ്റേഷനുകളിലായി ഒരു കോടിയോളം രൂപയുടെ തട്ടിപ്പുകേസിൽ പ്രതിയാണിയാളെന്നു കണ്ടെത്തി. പൊലീസ് തിരയുന്നതു മനസ്സിലാക്കി രഞ്ജിത്ത് ആദ്യം ബെംഗളൂരുവിലേക്കു കടന്നു. പൊലീസ് പിന്തുടർന്നെത്തിയപ്പോൾ തമിഴ്നാട്ടിലേക്കു മുങ്ങി. അവിടെയും പൊലീസ് എത്തിയപ്പോൾ യുപിയിലേക്കു കടന്നു. യുപി വരെ പൊലീസ് എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണം തണുത്തു കാണുമെന്നു കരുതി കഴിഞ്ഞ ദിവസം ഇയാൾ കോയമ്പത്തൂരിലെത്തി.

വിളക്കെണ്ണ ബിസിനസിൽ പങ്കാളിയായിരുന്ന ഇയാൾ ഒരു തർക്കത്തിന്റെ പേരിൽ പരാതി നൽകാൻ എസിപി ഓഫിസിലേക്കെത്തുമ്പോഴാണു സമീപത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിബു ജോർജ് തിരിച്ചറിഞ്ഞത്. രഞ്ജിത്തിനെ തടഞ്ഞുനിർത്തിയ ശേഷം ഫോണിൽ നിന്നു പഴയ ഫയൽ കണ്ടെടുത്ത് ആധാർ വിവരങ്ങളുമായി ഒത്തുനോക്കിയപ്പോൾ കക്ഷി പ്രതി തന്നെയെന്നുറപ്പായി. ഇതോടെ ഷിബു ഇദ്ദേഹത്തെ ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. എരുമപ്പെട്ടി എസ്എച്ച്ഒ ആന്റോ ഫ്രാൻസിസും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു.