Headlines

ആദ്യദിനം നേടിയത് അറുപത് കോടി; ഇന്ത്യന്‍ ബോക്സോഫീസില്‍ കൊടുങ്കാറ്റാവുമോ കാന്താര ചാപ്റ്റര്‍ 1?

ഇന്ത്യന്‍ ബോക്സോഫീസില്‍ തരംഗമാവുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റര്‍ വണ്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന കാന്താരയ്ക്ക് ശേഷം ഇതേ ടീം ഒരുക്കിയ ചിത്രമായിരുന്നു കാന്താര ചാപ്റ്റര്‍ 1 ലെജന്റ്. കാന്താരയുടെ ആദ്യപതിപ്പ് കന്നടയില്‍ മാത്രമായിരുന്നുവെങ്കില്‍ കാന്താര ചാപ്റ്റര്‍ വണ്‍ ഒരു പാനിന്ത്യന്‍ ചിത്രമായാണ് ഒരുക്കിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു കാന്താര.

2022-ല്‍ ആണ് കാന്താര റിലീസ് ചെയ്തത്. കന്നടയില്‍ ഒരുക്കിയ ചിത്രത്തിന് മറ്റു ഭാഷകളില്‍ സ്വീകാര്യത ലഭിച്ചതോടെയാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യന്‍ ബോക്സോഫീസ് 2022ല്‍ ഇന്ത്യന്‍ ബോക്സോഫീസിനെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു കാന്താര. കന്നട പോലുള്ളൊരു ഭാഷയില്‍ ഒരുക്കിയ ചിത്രം നേടിയ വിജയം സിനിമാ ലോകത്തിന് വലിയ പ്രതീക്ഷകള്‍ സമ്മാനിച്ച ചിത്രമായിരുന്നു.

16 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച കാന്താര വേള്‍ഡ് വൈഡ് 500 കോടി രൂപയാണ് കളക്ട് ചെയ്തിരുന്നത്. ഒടിടി തുടങ്ങിയവയിലൂടെ ലഭിച്ചത് വേറെയും.
2023 ലെ ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള പുരസ്‌കാരവും കാന്താരയെ തേടിയെത്തി. ഋഷഭ് ഷെട്ടി രാജ്യത്തെ സിനിമാ വ്യവസായത്തിന് തന്നെ വലിയ മുതല്‍ക്കൂട്ടായിമാറിയെന്നത് ചരിത്രം.

കാന്താര എന്നാല്‍ ഉള്‍ക്കാട് എന്നാണ് കന്നടയില്‍ അര്‍ഥം. ഉള്‍ക്കാട്ടില്‍ ജീവിക്കുന്ന തദ്ദേശീയരും പ്രദേശം കീഴടക്കാനായി വന്നിരിക്കുന്ന പരിഷ്‌കൃതരും തമ്മിലുള്ള പോരാട്ടത്തിന്റെയും വിശ്വാസങ്ങളേയും ആചാരങ്ങളേയും ആശ്രയിച്ച് ജീവിതം ക്രമപ്പെടുത്തിയ ഒരു ജനവിഭാഗത്തിന്റേയും കഥയായിരുന്നു ചിത്രത്തിന്റേത്. പഞ്ചുരുളിയെ ആരാധിച്ചിരുന്ന ജനവിഭാഗമായിരുന്നു ചിത്രത്തിലുള്ളത്. വരാഹമൂര്‍ത്തിയുടെ ശക്തി ഇതിവൃത്തമാക്കി ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചതും സംവിധായകനായിരുന്നു. ചെറിയ ക്യാന്‍വാസില്‍ ഒരുക്കിയ ഒരു കന്നട ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ ഇന്ത്യന്‍ സിനിമാ ലോകം ഞെട്ടി.

16 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച കാന്താര വേള്‍ഡ് വൈഡ് 500 കോടി രൂപയാണ് കളക്ട് ചെയ്തിരുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ കാന്താര നേടിയത് 30 കോടിയായിരുന്നു. ഒന്നാം സ്ഥാനത്ത് കര്‍ണ്ണാടകവും രണ്ടാം സ്ഥാനത്ത് രണ്ടാം സ്ഥാനത്ത് കേരളവുമായിരുന്നു. 2022 സെപ്റ്റംബര്‍ 30 ഹോംബാള ഫിലിംസ് റിലീസായി പ്രദര്‍ശനത്തിനെത്തിയ കാന്താര നേടിയ വിജയം നിരവധി ചിത്രങ്ങള്‍ക്ക് പ്രചോദനമായിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് കാന്താര ചാപ്റ്റര്‍ 1 പ്രദര്‍നത്തിനെത്തിച്ചത്.

ഹോംബാലെ 125 കോടി ചിലവഴിച്ചാണ് കാന്താര ചാപ്റ്റര്‍ 1 നിര്‍മ്മിച്ചിരിക്കുന്നത്. കന്നട സിനിമയിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റായി മാറുകയാണ് കാന്താര ചാപ്റ്റര്‍ 1. ഇന്ത്യന്‍ സിനിമയില്‍ തന്നെ അത്ഭുതമായി മാറാന്‍ സാധ്യതയുള്ള ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്താകമാനം 7000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രാജ്യത്തിന് പുറത്തുള്ള തീയേറ്ററുകളിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചിത്രം കാന്താര ചാപ്റ്റര്‍ വണ്ണാണ്.

കന്നടയില്‍ കെ ജി എഫ് ആയിരുന്നു ഏറ്റവും വലിയ ഇന്‍സ്ട്രി ഹിറ്റ്. കെ ജി എഫ് ഒന്നും രണ്ടും ഒരുക്കിയ അതേ നിര്‍മാണ കമ്പനിയാണ് കാന്താര ചാപ്റ്റര്‍ വണ്ണും തീയേറ്ററില്‍ എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ പൃഥ്വിരാജ് ഫിലംപ്രൊഡക്ഷന്‍സാണ് ഈ ചിത്രത്തിന്റെ വിതരണാവകാശം കൈക്കലാക്കിയത്. കാന്താരയുടെ ആദ്യപതിപ്പും കേരളത്തിലെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു. ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. കന്നടയ്ക്ക് പുറമെ, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തമിഴ് പതിപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഫാന്റസിയും മിത്തും ചരിത്രവും ഒക്കെ ഒരുമിപ്പിച്ചുകൊണ്ടുള്ള ചിത്രം മികച്ചൊരു ദൃശ്യാനുഭവമാണ് നല്‍കുന്നത്. അര്‍പ്പണം, കഠിനാധ്വാനം, അവിശ്വസനീയമായ ടീം വര്‍ക്ക്… ഇതെല്ലാം ചേര്‍ന്നതാണ് കാന്താരയുടെ വിജയം.

ആദ്യ ചിത്രത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറുമായുള്ള സംഘര്‍ഷവും വരാഹമൂര്‍ത്തിയുമായിരുന്നു കഥാതന്തു, എന്നാല്‍ ചാപ്റ്റര്‍ വണ്ണിലെക്കെത്തുമ്പോഴേക്കും ബാംഗ്രയെന്ന സമ്പന്ന രാജ്യത്തിലെ രാജാവുമായി കാന്താര ദേശത്തെ അപരിഷ്‌കൃതരായ പോരാളികള്‍ നടത്തുന്ന പോരാട്ടത്തിന്റെ മിത്തില്‍ ചാലിച്ച കഥയാണ് പറയുന്നത്. ബോര്‍മയെന്ന അമാനുഷിക ശക്തിയുള്ള വീരനായകന്റെ നേതൃത്വത്തില്‍ നടത്തുന്ന അതിസാഹസികമായ പോരാട്ടത്തിന്റെ കഥയാണിത്.

കാന്താര ഒന്നിനു ശേഷം രണ്ടാം ഭാഗവും ഇന്ത്യന്‍ ബോക്സോഫീസില്‍ തീപടര്‍ത്തി മുന്നേറ്റം നടത്തുന്നതോടെ കന്നട സിനിമാ ലോകവും ഋഷഭ് ഷെട്ടിയെന്ന താരവും തിളങ്ങുകയാണ്. സ്വന്തമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച് പടം സൂപ്പര്‍ ഹിറ്റാക്കി മാറ്റുകയെന്ന ശ്രമകരമായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഋഷഭ് ഷെട്ടി സിനിമാ ലോകത്ത് വേറിട്ട താരമായി മാറിയിരിക്കുകയാണ്. എളിയ നിലയില്‍ ജീവിതം തുടങ്ങി, കന്നടസിനിമയില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതുന്ന ഋഷഭ് ഷെട്ടി സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്.