Headlines

ടിവികെയ്ക്ക് തിരിച്ചടി; സംസ്ഥാന ഭാരവാഹികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

കരൂർ ദുരന്തത്തിൽ ടി വി കെയ്ക്ക് തിരിച്ചടി. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിന്റെയും മുൻ‌കൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ദുരന്തത്തിനിടെ നേതാക്കൾ മുങ്ങിയതടക്കം അതിരൂക്ഷ വിമർശനമാണ് വിജയ്ക്കും പൊലീസുനുമെതിരെ കോടതി ഉയർത്തിയത് .

സ്വന്തം പാർട്ടിയുടെ പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളും അടക്കം മരിച്ചുകിടക്കുമ്പോൾ നേതാവ് മുങ്ങി. ഇതെന്ത് നേതാവാണ്? ഇതെന്ത് പാർട്ടിയാണ്. കരൂർ അപകടത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ച് അതിരൂക്ഷവിമർശനമാണ് വിജയ്ക്ക് എതിരെ നടത്തിയത്.

ഖേദം പ്രകടിപ്പിക്കാതിരുന്ന നേതാവിന്റെ മനോനില വ്യക്തമായി പാർട്ടി പ്രവർത്തകർ പോലും സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു എന്നും കോടതി പറഞ്ഞു. പിന്നാലെയാണ് നോർത്ത് സോൺ ഐജി അസ്റ ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്.

ഹർജിയിൽ സംസ്ഥാനസർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വിജയ്യോട് സർക്കാരിന് വിധേയത്വമുണ്ടോയെന്ന് ചോദിച്ച കോടതി പൊലീസിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്നും അഭിപ്രായപ്പെട്ടു. ഇതിനിടെ ദേശീയ സംസ്ഥാന പാതകളിൽ പാർട്ടി റാലികളും പരിപാടികളും നടത്തുന്നത് ഹൈക്കോടതി മധുരൈ ബഞ്ച് നിരോധിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ തള്ളിയ കോടതി ടിവികെയുടെ ഹർജി ഇന്ന് പരിഗണിച്ചില്ല.