കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ കണ്ടെത്താൻ സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ച് എഐസിസി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള അഞ്ചംഗ സ്ക്രീനിങ് കമ്മിറ്റിയെയാണ് എഐസിസി പ്രഖ്യാപിച്ചത്.
കേരളത്തിൽ മധുസൂദനൻ മിസ്ത്രി ചെയര്‍മാനായിട്ടുള്ള സ്ക്രീനിങ് കമ്മിറ്റിയിൽ ഡോ. സൈദ് നസീര്‍ ഹുസൈൻ എംപി, നീരജ് ഡാംഗി, അഭിഷേക് ദത്ത് എന്നിവര്‍ അംഗങ്ങളാണ്. അസമിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്ക് നൽകി. തമിഴ്നാട് പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതല ടി എസ് സിംഗ് ദേവിനും
പശ്ചിമബംഗാളിന്റെ ചുമതല ബി.കെ ഹരിപ്രസാദിനും നൽകി. ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷൻമാർ, പ്രതിപക്ഷ നേതാക്കൾ, എഐസിസി സെക്രട്ടറിമാർ എന്നിവർ സ്ക്രീനിംഗ് കമ്മിറ്റിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങൾ ആകും.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി രണ്ടുഘട്ട കര്‍മ്മ പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുള്ളിൽ കേരളത്തിലെ 70 സ്ഥാനാർത്ഥികളിൽ ധാരണയാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ മുഴുവൻ സ്ഥാനാർത്ഥികളെയും കണ്ടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണങ്ങളുമായി രണ്ടാംഘട്ടം കര്‍മ്മ പദ്ധതി നടപ്പാക്കും. നാളെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോൺഗ്രസ് നേതൃയോഗത്തിൽ കർമ്മപദ്ധതി അവതരിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്; സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി, കേരളത്തിന്റെ ചുമതല മധുസൂദൻ മിസ്ത്രിക്ക്







