കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്ററിലും പോർ. ജില്ലാ പ്രവർത്തക കൺവെൻഷന്റെ പ്രചാരണ ബോർഡിനെ ചൊല്ലിയാണ് തർക്കം. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഒരു വിഭാഗം സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെയും വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെയും ചിത്രങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചു.
ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പോസ്റ്ററിലുണ്ടായിരുന്നത് സംസ്ഥാന, ജില്ലാ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു. ബിനു ചുള്ളിയിലിനെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇങ്ങനെ ഉൾപ്പെടുത്തിയാൽ അബിൻ വർക്കി, കെ.എം. അഭിജിത്, കണ്ണൂരിൽ നിന്നുള്ള ദേശീയ സെക്രട്ടറി ഷിബിൻ എന്നിവരെയും ഉൾപ്പെടുത്തണമെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. ഇതോടെയാണ് അധ്യക്ഷന്മാരുടെ ഫോട്ടോ മാത്രം വെച്ച് പോസ്റ്റർ ഇറക്കിയത്.
ഇതിൽ എതിർപ്പുള്ള വിഭാഗമാണ് ഇന്നലെ രാത്രി ഡി.സി.സി. ഓഫീസിന് മുന്നിലടക്കം ബോർഡുകൾ സ്ഥാപിച്ചത്. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളുടെ പേരിലാണ് ബോർഡുകൾ. ജില്ലാ കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ബോർഡുകൾ രാവിലെ നീക്കം ചെയ്തു.





