Headlines

തിരുമല അനിലിന്റെ മരണം; നേതൃത്വത്തെ വിമർശിച്ച എം എസ് കുമാറിനെ അനുനയിപ്പിക്കാൻ ബിജെപി

ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിനെ അനുനയിപ്പിക്കാൻ നീക്കം. കൂടുതൽ വെളിപ്പെടുത്തൽ നടത്താതിരിക്കാൻ നേതാക്കൾ എം എസ് കുമാറുമായി ചർച്ച നടത്തും. ബിജെപി നേതാക്കളടക്കം പണം തിരികെ നൽകാത്തതിനാൽ ആത്മഹത്യ ചെയ്ത കൗൺസിലർ തിരുമല അനിലിന്റെ ഗതി തനിക്ക് ഉണ്ടാകുമെന്ന പ്രതികരണമാണ് എം എസ് കുമാർ നടത്തിയത്.

താൻ പ്രസിഡന്റായ തിരുവിതാംകൂർ സഹകരണ ബാങ്കിൽ നിന്ന് ബിജെപി സംസ്ഥാന നേതാക്കൾ അടക്കം വായ്പ എടുത്തിട്ട് തിരിച്ചടക്കുന്നില്ലന്നായിരുന്നു എം എസ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ ഗതി ഉണ്ടാകുമെന്നും വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും എം എസ് കുമാറിന്റെ കുറിപ്പിൽ പറയുന്നുണ്ട്. മുതിർന്ന ബിജെപി നേതാവ് കൂടിയായ എം എസ് കുമാറിന്റെ പ്രതികരണം ബിജെപിയെ വെട്ടിയിലാക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വരുന്ന പശ്ചാത്തലത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകാതിരിക്കാൻ നേതൃത്വം ഇടപെടും. എം എസ് കുമാറുമായി സംസാരിച്ച പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. എന്നാൽ ഇതുവരെയും ആരും തന്നെ സമീപിച്ചിട്ടില്ലന്നാണ് എം എസ് കുമാർ പറഞ്ഞു.

അതേസമയം എം എസ് കുമാറിന്റെ തുറന്നുപറച്ചിൽ സിപിഎം ആയുധമാക്കിയിരിക്കുകയാണ്.നേരത്തെ തന്നെ കൗൺസിലർ അനിൽകുമാറിന്റെ മരണത്തിൽ ബിജെപിക്ക് നേതാക്കൾക്ക് പങ്കുണ്ടെന്ന് സിപിഐഎം ആരോപിച്ചിരുന്നു. സിപിഐഎം ആരോപണം ശരി തരത്തിലാണ് എം എസ് കുമാറും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ എം എസ് കുമാറിന്റെ കുറിപ്പ് ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് സിപിഐഎം.