വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം. ഫിനാൻസ് കമ്മിറ്റി പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകിയില്ല. രണ്ട് മാസം മുമ്പ് സമർപ്പിച്ച പ്രൊപ്പോസൽ വി.സി. പാസ്സാക്കിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട്, ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി ആവശ്യപ്പെട്ടത് 33 ലക്ഷം രൂപയാണ്. ഫണ്ട് പാസ്സാക്കാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമടക്കം പ്രതിസന്ധിയിലാണ്.
150 ലധികം അജണ്ടകളുണ്ടായിരുന്ന യോഗത്തിൽ ചർച്ചയ്ക്ക് എടുത്തത് രജിസ്ട്രാറിന്റെ സസ്പെൻഷൻ മാത്രമാണ്. അടുത്ത സിൻഡിക്കേറ്റ് യോഗം ചേരുമെന്ന് അറിയിച്ചിട്ടില്ല. കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ ഭൂരിപക്ഷം തീരുമാനിച്ചതോടെ വി.സി. ഇറങ്ങിപ്പോവുകയായിരുന്നു.
യോഗത്തിൽ പങ്കെടുത്ത 22 അംഗങ്ങളിൽ 19 പേരും അനിൽ കുമാറിന് തിരിച്ചെടുക്കാം എന്ന നിർദേശത്തെ പിന്തുണച്ചു. വിസിയും രണ്ട് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളും ഒഴികെ യോഗത്തിൽ പങ്കെടുത്ത മറ്റെല്ലാവരും അനിൽ കുമാറിനെ തിരിച്ചെടുക്കാം എന്ന് അഭിപ്രായപ്പെട്ടു.
എന്നാൽ ഭൂരിപക്ഷാഭിപ്രായത്തെ അംഗീകരിക്കാൻ വി.സി. തയ്യാറായില്ല. സിൻഡിക്കേറ്റ് തീരുമാനവും ഹൈക്കോടതി നിർദ്ദേശവും വി.സി. ചെവികൊണ്ടില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് ആലോചന.






