Headlines

‘എം.കെ.സാനു ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചയാൾ’; അനുശോചിച്ച് മുഖ്യമന്ത്രി

‘കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന പ്രൊഫ. എം. കെ. സാനു വിടവാങ്ങിയത് മലയാളസമൂഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

”കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകന്‍, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്‍ത്തകന്‍, നിസ്വാര്‍ത്ഥനായ സാമൂഹ്യ സേവകന്‍, നിസ്വപക്ഷമുള്ള എഴുത്തുകാരന്‍, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ട്.

സാനുമാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണമായ ചുറ്റുപാടുകളില്‍ നിന്നാണ്. അവിടെ നിന്നാണ് അദ്ദേഹം ലോകത്തോളം വളര്‍ന്നത്. ജീവിതത്തില്‍ തനിക്കുണ്ടാകുന്ന വിഷമതകള്‍ തന്റെ മാത്രം വിഷമതകളല്ല എന്നും അതില്‍ ലോകക്രമത്തിന്റെ സ്വാധീനമുണ്ട് എന്നും മനസ്സിലാക്കിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. കഴിഞ്ഞു.

സാനുമാഷിന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് അധ്യാപന ജീവിതത്തോടുകൂടിയാണ്. കുട്ടികളോടുള്ള പ്രത്യേക വാത്സല്യം അവരുടെ പ്രിയപ്പെട്ട അധ്യാപകനായി അദ്ദേഹത്തെ മാറ്റി. സ്‌കൂള്‍ അധ്യാപകനായി ചേര്‍ന്ന ശേഷം പിന്നീട് കോളേജ് അധ്യാപന രംഗത്ത് അദ്ദേഹം എത്തിച്ചേരുകയുണ്ടായി. ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു അദ്ദേഹം. എന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അദ്ദേഹം അധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പൊലീസ് തല്ലിച്ചതയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ വേദനിക്കുന്ന സാനുമാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. ശരിക്കും മാനവികതയിലൂന്നിയ സമഭാവ ദര്‍ശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം.

പില്‍ക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായി. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹം നേടിയ വിജയം ശ്രദ്ധാര്‍ഹമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരുമായിരുന്നവരുടെ വലിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് സമയത്ത് അവിടെ കണ്ടത്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെടുകയും വിനയത്തോടെ മാത്രം പെരുമാറുകയും അതേസമയം സ്വന്തം നിലപാടുകള്‍ തുറന്നുപറയുകയും ചെയ്യുന്ന ഒരു പ്രത്യേക രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നിയമസഭാംഗമായി നാലുവര്‍ഷം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കേള്‍ക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു.

ശ്രീനാരായണ ദര്‍ശനത്തോടൊപ്പം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും സമൂഹത്തെ മുന്നോട്ടുനയിക്കാനും പുതിയൊരു സമൂഹം കെട്ടിപ്പടുക്കാനും സഹായകമാകുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ആ ആശയത്തെ എക്കാലവും അദ്ദേഹം മുറുകെ പിടിച്ചു.

ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേത്. താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു”വെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ പറഞ്ഞു.