പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ആഡംബരബാറിലുണ്ടായ സ്‌ഫോടനം: മരണസംഖ്യ ഉയരുന്നു; 40 മരണം; പരുക്ക് നൂറിലേറെ പേര്‍ക്ക്

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ക്രാന്‍സ് മൊണ്ടാനയിലെ സ്‌കി റിസോര്‍ട്ട് ടൗണിലെ ആഡംബര ബാറിലുണ്ടായ സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അട്ടിമറിയല്ലെന്ന് സ്വിസ് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. (40 Killed In Fire During New Year Party At Swiss Ski Resort Bar).
പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. ക്രാന്‍സ് മൊണ്ടാനയിലെ ആഡംബരഹോട്ടലായ ലീ കോണ്‍സ്റ്റലേഷന്‍ ബാര്‍ ആന്റ് ലോഞ്ചിലായിരുന്നു അപകടം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബാറില്‍ നിന്ന് തീയും കനത്ത പുകയും വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വിസ് ആല്‍പിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സ്ഫോടനമുണ്ടായ ക്രാന്‍സ് മൊണ്ടാന. പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വിദേശികളും ഉണ്ടെന്നാണ് വിവരം. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ക്രാന്‍സ് മൊണ്ടാനയില്‍ ആഡംബരറിസോട്ടുകള്‍ ഏറെയുണ്ട്.അവധിക്കാലം ആഘോഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെ നിരവധി പേര്‍ എത്തുന്ന ഇടമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ നിന്ന് രണ്ടുമണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ സ്‌കീ റിസോട്ട് ടൌണിലെത്താം. പൊള്ളലേറ്റവരില്‍ പലരുടേയും ആരോഗ്യനില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.