Headlines

‘ജില്ലാ പഞ്ചായത്ത് നൽകിയ പദ്ധതികൾ പരിശോധിക്കണം’: കാർട്ടൺ ഇന്ത്യയുടെ കാസർഗോട്ടെ ഇടപാടുകളിലും പരാതി

കാസർഗോഡ്: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ബെനാമി കമ്പനി എന്ന് ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയുടെ കാസർഗോട്ടെ ഇടപാടുകളിലും പരാതി. കാസർഗോഡ് ജില്ലാ പഞ്ചായത്ത് നൽകിയ പദ്ധതികൾ പരിശോധിക്കണമെന്നാണ് വിജിലൻസ് പരാതിയിലെ ആവശ്യം. ബ്ലോക്ക് പഞ്ചായത്ത് അംഗവം മുസ്ലിം ലീഗ് നേതാവുമായ അൻവർ സാദത്താണ് വിജിലൻസിൽ പരാതി നൽകിയത്.

ടെൻഡർ നടപടികൾ, കരാർ വ്യവസ്ഥകൾ, സർക്കാർ ഫണ്ട്‌ വിനിയോഗം ഉൾപ്പടെ അന്വേഷിക്കണമെന്ന് ആവശ്യം. SILKന് നൽകിയ പദ്ധതികളും പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നൽകിയതിന് പിന്നാലെ കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നൽകിയിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു.

അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണങ്ങൾ ഉയർന്നപ്പോൾ നിഷേധിച്ചിരുന്നു. എല്ലാം നിയമപരമായി നടന്നുവെന്നായിരുന്നു പ്രസിഡന്റ് പറഞ്ഞിരുന്നത്. 2021 മാർച്ച് ഒന്നു മുതൽ 2025 ഒക്ടോബർ വരെയുള്ള കാലാളവിൽ ജില്ലാ പഞ്ചായത്തിന്റെ ഭരണാനുമതികൾ പ്രവൃത്തികൾ എന്നിവ അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.