കേരള സർവകലാശാലയിലെ PhD വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് VC

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വിസി നിർദേശം നൽ‌കി. പരാതി ഉന്നയിച്ച ഡീൻ സി എൻ വിജയകുമാരിയിൽ നിന്ന് വിവരം തേടും

സംസ്കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശിപാർശ ചെയ്തെന്നായിരുന്നു വകുപ്പ് ഡീൻ നൽകിയ പരാതി. ഗുരുതര പരാമർശങ്ങളാണ് വിപിൻ വിജയന്റെ പി എച്ച് ഡി തീസിസിനും, ഒപ്പൺ ഡിഫൻസിനും എതിരെ വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ സംസ്കൃതം വകുപ്പ് മേധാവി സിഎൻ വിജയകുമാരി ഉന്നയിച്ചത്. കാര്യവട്ടം ക്യാമ്പസിലെ മുൻ യൂണിയൻ ജനറൽ സെക്രട്ടറി വിപിൻ വിജയനാണ് പിഎച്ച്ഡിയ്ക്ക് ശിപാർശ നൽകിയത്.

വിപിനിന് പിഎച്ച്ഡി നൽകാനുള്ള മൂല്യനിർണയ സമിതി ചെയർമാന്റെ ശിപാർശ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ പരിഗണിക്കാനിരിക്കുകയാണ് കത്ത് പുറത്തുവന്നത്.തനിക്കെതിരെ ഡീൻ വ്യക്തി വിരോധം തീർക്കുന്നുവെന്നാണ് ആരോപണവിധേയനായ വിപിൻ വിജയന്റെ വിശദീകരണം.