പത്തനംതിട്ട∙ ശബരിമല ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് 7 വർഷം മാത്രമേ കാലപ്പഴക്കമുള്ളൂ എന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതായി സൂചന. ശിൽപത്തിൽ സ്വർണം പൂശി കൈമാറിയ ഉണ്ണിക്കൃഷ്ണൻ പോറ്റി പഴയ ചെമ്പുപാളികൂടി മാറ്റിയോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ദ്വാരപാലക ശിൽപത്തിൽ നിന്ന് എത്ര സ്വർണം നഷ്ടപ്പെട്ടെന്നും അതിലെ ചെമ്പുപാളികളുടെ കാലപ്പഴക്കം എത്രയെന്നും കണ്ടെത്താനാണ് സാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് ജംഷഡ്പുർ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചത്.
1998 ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല ശ്രീകോവിലിനൊപ്പം ദ്വാരപാലക ശിൽപങ്ങളും സ്വർണം പൊതിഞ്ഞു നൽകിയതാണ്. 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ചു. 18 കോടിയായിരുന്നു ചെലവ്. ചെന്നൈ മൈലാപ്പൂർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിൽ 53 ശിൽപികൾ സന്നിധാനത്തു ക്യാംപ് ചെയ്തു നടത്തിയ പണികൾ ഒരുവർഷമെടുത്താണു പൂർത്തിയായത്.
ദ്വാരപാലക ശിൽപത്തിന്റെ നിറം മങ്ങിയപ്പോഴാണു സ്വർണം പൂശി നൽകാൻ 2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു ദേവസ്വം ബോർഡ് അനുമതി നൽകിയത്. ശിൽപത്തിലെ ചെമ്പിന്റെ കാലപ്പഴക്കം 7 വർഷം എന്ന് ഉറപ്പായാൽ പഴയ ചെമ്പുപാളികൂടി മാറ്റിയെന്നു സംശയിക്കണം. ഇതുസംബന്ധിച്ചും അന്വേഷണം നടത്തേണ്ടി വരും.
2019 ലെ സ്വർണക്കൊള്ള മറയ്ക്കാൻ വേണ്ടി 2025 ൽ ദ്വാരപാലക ശിൽപങ്ങൾ വീണ്ടും സ്വർണം പൂശാൻ നൽകിയെന്നാരോപിച്ചാണ് മുൻദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അജികുമാർ എന്നിവർക്കെതിരെ കേസെടുത്തത്. ഇവരുടെ അറസ്റ്റിനു ശേഷം കേസിൽ അന്വേഷണം കാര്യമായി നടക്കുന്നില്ല.






