പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്. ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങി. കഴിഞ്ഞദിവസം ഒരു ടിൻ അരവണ നൽകിയതിനെതിരെ ഭക്തർ പ്രതിഷേധം ഉയർത്തിയിരുന്നു. അരവണ നിയന്ത്രണത്തിൽ വലിയ പ്രതിഷേധം ഭക്തർ ഉയർത്തിയിരുന്നു. ദേവസം മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അരവണ നിർമ്മാണ പ്ലാന്റിന്റെ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തി എന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീർത്ഥാടകർ എത്തുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും തമ്മിൽ പല കാര്യങ്ങളിൽ അഭിപ്രായവ്യത്യാമുണ്ട്. മണ്ഡലകാലം ആരംഭിക്കാൻ രണ്ടുമാസം ബാക്കിനിൽക്കേ ഇരുവരുടെയും അഭിപ്രായ ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നു.
കന്നിമാസ പൂജകൾക്കായി കഴിഞ്ഞദിവസം നട തുറന്നതിന് ശേഷം 40000 ത്തിലധികം ഭക്തർ സന്നിധാനത്ത് എത്തി. ഇവർക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയത്. അപ്പവും അരവണയും നിയന്ത്രിച്ചതോടെയാണ് ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേവസ്വം പ്രസിഡണ്ട് കെ ജയകുമാറുമായി മന്ത്രി ഫോണിൽ സംസാരിച്ചെങ്കിലും മറുപടിയിൽ കെമുരളീധരൻ തൃപ്തനല്ല. തീർത്ഥാടന കാലത്തിനു മുൻപ് ശബരിമലയിലെ മുഴുവൻ മരാമത്ത് പണികളും ഒക്ടോബർ 30ന് തീർക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു.









