Headlines

കോഴിക്കോട് കളക്ട്രേറ്റില്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരാതിയില്‍ അന്വേഷണം

ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗത്തിനെതിരെയാണ് പരാതി. സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് സമർപ്പിക്കും.

വ്യാഴാഴ്ച നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കലക്ടർ കൂടി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ, ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു അതിക്രമം. യുവതി എഡിഎമ്മിന് പരാതി നൽകി.

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. അതേസമയം പരാതി ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥൻ ജീവനക്കാരിയോട് മാപ്പ് പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും, റിപ്പോർട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്നും എ ഡി എം വ്യക്തമാക്കി.