മലപ്പുറം തെയ്യാലയിൽ കാർ ആക്രമിച്ച് രണ്ടുകോടി തട്ടിയ കേസിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ. പ്രതി ഫവാസാണ് ക്വട്ടേഷൻ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്.
പൊലീസ് സംഘം പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പട്ടിക്കൂട്ടില്‍ നിന്ന് പണം കണ്ടെടുത്തു. ആഗസ്റ്റ് 14 ന് രാത്രിയാണ് കാർ ആക്രമിച്ച് ഫനീഫയെന്നയാളുടെ 2 കോടി രൂപ ക്വട്ടേഷൻ സംഘം തട്ടിയെടുത്തത്. മറ്റൊരു പ്രതി അബ്ദുൽ കരീമിന്റെ വീട്ടിൽ നിന്ന് ആറ് ലക്ഷം രൂപയും രജീഷിന്റെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
വിദേശത്ത് നടന്ന ഇടപാടുമായി ബന്ധപ്പെട്ട പണവുമായി കാറിൽ വരുമ്പോഴാണ് ആക്രമണമുണ്ടായത്. നാലുപേർ ചേർന്ന് മാരകായുധങ്ങളുമായി കാർ അടിച്ചുതകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവർന്നെടുക്കുകയായിരുന്നു. കുറ്റകൃത്യത്തിനുശേഷം സംഘം ഓഗസ്റ്റ് 16-ന് ഗോവയിലേക്ക് കടക്കുകയായിരുന്നു.
സിസിടിവി ക്യാമറകൾ പരിശോധിച്ച് സംഘത്തിനെ പിന്തുടർന്ന് അന്വേഷണ സംഘം ഗോവയിൽ എത്തിയിരുന്നു. പിന്നീട് തിരിച്ച് വരുന്ന വഴിലാണ് കോഴിക്കോട് വെച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.