Headlines

‘എതിരാളികളല്ല, പങ്കാളികളാകണം’; ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് CPI

ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിപിഐയുടെ പ്രസ്താവനയിൽ പറഞ്ഞു.

അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും അത്തരം സഹകരണം പ്രധാനമാണെന്ന് സിപിഐ പറയുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻരാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിൽ സംതൃപ്തിയുണ്ടെന്നും സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും അതിർത്തി തർക്കങ്ങൾ ഇന്ത്യ- ചൈന ബന്ധത്തെ ബാധിക്കരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുൻപായാണ് ടിയാൻജിനിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ചൈനയിൽ ഇരുനേതാക്കളും നേരിൽ കണ്ടത്. അടുത്ത വർഷത്തെ ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിൻ പിങ്ങിനെ, പ്രധാന മന്ത്രി മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. വ്യാളി- ആന സൗഹൃദം മെച്ചപ്പെടണമെന്നും നല്ല അയൽക്കാരായി തുടരണമെന്നും ഷീ ജിൻ പിങ് വ്യക്തമാക്കിയിരുന്നു.