Headlines

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു: വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്

 

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്. കഴിഞ്ഞവർഷത്തേക്കാൾ 44 അടി കുറവാണ് നിലവിലെ ജലനിരപ്പ്. മഴ ശക്തമായി പെയ്തില്ലെങ്കിൽ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. നിലവിലുള്ളത് സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രം. കഴിഞ്ഞ ഒരു മാസമായി നാലടി മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്.

 

 

342 മില്ലിമീറ്റര്‍ മഴയാണ് ജൂണില്‍ ഇടുക്കിയില്‍ ലഭിച്ചത്. കാര്യമായ മഴ ജൂണില്‍ ലഭിച്ചിട്ടില്ല. 20 ശതമാനത്തിന് താഴേക്ക് പോയാല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്പാദനം നിര്‍ത്തേണ്ടിവരും. നിലവില്‍ പ്രതിസന്ധിയില്ല. നാല് ദശലക്ഷം യുണിറ്റ് വൈദ്യുതി ഒരു ദിവസം ശരാശരി ഉല്പാദിപ്പിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 12 ദശലക്ഷം യുണിറ്റ് വരെ ഉല്പാദിപ്പിച്ചിരുന്നതാണ്. ജലനിരപ്പ് കുറഞ്ഞതോടെയാണ് ഉല്പാദനവും കുറഞ്ഞത്. ചെറുഡാമുകളിലും ജലനിരപ്പ് കുറവാണ്.അതേസമയം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി നൽകിയിരുന്നു. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ‍ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വിവിധ രേഖകളും വൈദ്യുതി ലഭ്യതയുടെ കണക്കും പരിശോധിച്ചാണ് അനുമതി നൽകിയത്.