ബ്രിട്ടനോട് തോറ്റ് അയർലാൻഡ് പുറത്ത്; ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ

 

ടോക്യോ ഒളിമ്പിക്‌സിൽ വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം ക്വാർട്ടറിൽ കടന്നു. ബ്രിട്ടനുമായി നടന്ന മത്സരത്തിൽ അയർലാൻഡ് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ വനിതകളുടെ ക്വാർട്ടർ പ്രവേശനം. അയർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രിട്ടൻ പരാജയപ്പെടുത്തിയത്.

പൂൾ എയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്നലെ സൗത്ത് ആഫ്രിക്കയെ 4-3ന് ഇന്ത്യ തോൽപ്പിച്ചിരുന്നു. അയർലാൻഡ്-ബ്രിട്ടൻ മത്സരത്തിലെ ഫലമനുസരിച്ചായിരുന്നു ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ നിശ്ചയിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയമടക്കം ആറ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്.

നെതർലാൻഡ്, ജർമനി, ബ്രിട്ടൻ, ഓസ്‌ട്രേലിയ, സ്‌പെയിൻ തുടങ്ങിയ ടീമുകളും ക്വാർട്ടറിൽ കയറിയിട്ടുണ്ട്. ഓസ്‌ട്രേലിയയോ സ്‌പെയിനോ ആയിരിക്കും ഇന്ത്യയുടെ ക്വാർട്ടറിലെ എതിരാളികൾ.