സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 327 റൺസിന് ഓൾ ഔട്ടായി. 3ന് 272 എന്ന ശക്തമായ നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് കേവലം 15.3 ഓവർ മാത്രമേ പിടിച്ചുനിൽക്കാനായുള്ള 55 റൺസിനിടെയാണ് ഏഴ് വിക്കറ്റുകൾ വീണത്. മഴയെ തുടർന്ന് രണ്ടാം ദിനം കളി നഷ്ടപ്പെട്ടിരുന്നു
മൂന്നാം ദിനം ആരംഭിച്ചപ്പോൾ തന്നെ സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന രാഹുലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. 123 റൺസാണ് രാഹുൽ എടുത്തത്. തൊട്ടുപിന്നാലെ 48 റൺസെടുത്ത രഹാനെയും പുറത്തായി. പിന്നീട് ബാറ്റ്‌സ്മാൻമാർ വന്നതും പോയതുമൊക്കെ ഒന്നിച്ചായിരുന്നു
റിഷഭ് പന്ത് എട്ട് റൺസിനും അശ്വിൻ നാല് റൺസിനും ഷാർദൂൽ താക്കൂർ നാല് റൺസിനും വീണു. ഷമി എട്ട് റൺസെടുത്ത് പുറത്തായി. ജസ്പ്രീത് ബുമ്ര 14 റൺസും മുഹമ്മദ് സിറാജ് നാല് റൺസുമെടുത്തു.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലുങ്കി എൻഗിഡി ആറ് വിക്കറ്റുകൾ വീഴ്ത്തി. കഗീസോ റബാദ മൂന്നും മാർകോ ജാൻസൺ ഒരു വിക്കറ്റുമെടുത്തു.