കൃനാൽ പാണ്ഡ്യയുമായി അടുത്തിടപഴകിയെ എട്ട് താരങ്ങൾക്കും കൊവിഡില്ല; ഇന്ത്യൻ ക്യാമ്പിൽ ആശ്വാസം

കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ താരം കൃനാൽ പാണ്ഡ്യയുമായി അടുത്തിടപഴകിയ എട്ട് ഇന്ത്യൻ താരങ്ങളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. എങ്കിലും ഈ എട്ട് പേരും ഇന്ന് നടക്കുന്ന രണ്ടാം ടി20യിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ കളിക്കാരെ വീണ്ടും ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കും

ബുധനാഴ്ച രാവിലെ നടക്കുന്ന പരിശോധനക്ക് ശേഷം മാത്രമേ ലങ്കൻ കളിക്കാരുടെ കാര്യത്തെ കുറിച്ച് പറയാനാകൂവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കൃനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരവുമായി അടുത്തിടപഴകിയവരോട് ഐസോലേഷനിൽ പോകാൻ നിർദേശിക്കുകയായിരുന്നു

ഇംഗ്ലണ്ട് പര്യടനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരും ഈ സംഘത്തിലുണ്ട്. മറ്റ് പ്രശ്‌നങ്ങളില്ലെങ്കിൽ രണ്ടാം മത്സരം ഇന്ന് നടക്കും. മൂന്നാം ടി20 നേരത്തെ നിശ്ചയിച്ചതു പോലെ വ്യാഴാഴ്ചയും നടക്കും.