തിലക് മൈതാന്‍ (ഗോവ): 20 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-0ന് തോറ്റു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒമ്പതാം തോല്‍വി. 3 മത്സരങ്ങള്‍ ജയിച്ച ടീം 8 മത്സരങ്ങളില്‍ സമനില പാലിച്ചു. ആകെ 23 ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചപ്പോള്‍ 36 ഗോളുകള്‍ വഴങ്ങി. 7 ഗോളുകളുമായി ജോര്‍ദാന്‍ മറെ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ്പ് സ്‌കോററായി. സീസണിലെ അവസാന ലീഗ് മത്സരത്തില്‍, 34ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറും ഒന്നാം പകുതിയുടെ അധിക സമയത്ത് ലാലേങ്മാവിയയും നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. 20 മത്സരത്തില്‍ നിന്ന് 33 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേഓഫ് ഉറപ്പിച്ചു. 17 പോയിന്റോടെ പത്താമതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം.
അവസാന മത്സരത്തില്‍ ഒറ്റ മാറ്റം മാത്രം വരുത്തിയാണ് പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ടീമിനെ വിന്യസിച്ചത്. പ്രതിരോധ നിരയില്‍ നിന്ന് ലാല്‍റുവത്താരക്ക് പകരം സന്ദീപിനെ കളത്തിലിറക്കി. ബകാരി കോനെ, ജെസ്സല്‍ കാര്‍നിറോ, കോസ്റ്റ നമിയോന്‍സു എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റു താരങ്ങള്‍. മലയാളി താരങ്ങളായ കെ പ്രശാന്തും കെ പി രാഹുലും വിന്‍സെന്റ ഗോമസ്, ജാക്‌സന്‍ സിംഗ് എന്നിവര്‍ മധ്യനിരയില്‍ അണിനിരന്നു. മുന്നേറ്റത്തില്‍ മാറ്റമുണ്ടായില്ല, ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും തന്നെ. ഗോള്‍ വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയത്. സുഭാശിഷ് ചൗധരി ഗോള്‍ വല കാത്തപ്പോള്‍ പ്രൊവാത് ലാവര, ഡൈലാന്‍ ഫോക്‌സ്, ബി ലാംബോട്ട്, നിം ദോര്‍ജീ, ഇമ്രാന്‍ ഖാന്‍, ഖാസ കമാറ, ലാലങ് മാവിയ, ലൂയിസ് മച്ചാഡോ, ദെസ്‌ഹോണ്‍ ബ്രൗണ്‍, വി.പി സുഹൈര്‍ എന്നിവര്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആദ്യ ഇലവനില്‍ ഇടം പിടിച്ചു.