ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്കയെ 38 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 18.3 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ വിജയം സാധ്യമാക്കിയത്. നേരത്തെ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിലായിരുന്നു ഇന്ത്യ സ്‌കോർ 150 കടത്തിയത്. ടോസ് നേടിയ ലങ്കൻ നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ പൃഥ്വി ഷാ പുറത്തായതിന്റെ ഞെട്ടലിലാണ് ഇന്ത്യ തുടങ്ങിയത്.
രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും ശിഖർ ധവാനും ചേർന്ന് സ്‌കോർ 51 വരെ എത്തിച്ചു. രണ്ട് ഫോറും ഒരു സിക്‌സും സഹിതം 27 റൺസെടുത്ത സഞ്ജു വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. ധവാൻ 46 റൺസെടുത്തു. 34 പന്തിൽ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 50 റൺസാണ് സൂര്യകുമാർ യാദവ് എടുത്തത്
10 റൺസെടുത്ത് പുറത്തായ ഹാർദിക് പാണ്ഡ്യ ഒരിക്കൽ കൂടി പരാജയപ്പെട്ടു. ഇഷാൻ കിഷൻ 20 റൺസുമായി പുറത്താകാതെ നിന്നു.
44 റൺസെടുത്ത ചരിത് അസലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ഫെർണാണ്ടോ 26 റൺസും ശനക 16 റൺസും ഭനുക 10 റൺസുമെടുത്തു. മറ്റാർക്കും രണ്ടയ്ക്കം തികയ്ക്കാനായില്ല. ഭുവനേശ്വർകുമാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചാഹർ രണ്ടും കൃനാൽ, ഹാർദിക്, ചാഹൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.