ദുബായ്: ഐപിഎല്ലില്‍ കാണികളെ ത്രില്ലടിപ്പിക്കുന്ന പതിവ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇത്തവണയും തെറ്റിച്ചില്ല. നേരത്തേ ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍ കളഞ്ഞുകുളിച്ച പഞ്ചാബ് പക്ഷെ ഇത്തവണ തോല്‍ക്കുമായിരുന്ന മല്‍സരമാണ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ജയിച്ചു കയറിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിന് പഞ്ചാബ് വീഴ്ത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ പഞ്ചാബിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
127 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം ഹൈദരാബാദിന് മുന്നില്‍ വച്ചപ്പോള്‍ പഞ്ചാബിന് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച പഞ്ചാബ് ഹൈദരാബാദിനെ ഒരു പന്ത് ബാക്കിനില്‍ക്കെ 114 റണ്‍സിനു പിടിച്ചുകെട്ടി. 6.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെന്ന നിലയില്‍ കുതിച്ച ഹൈദരാബാദ് പിന്നീട് അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായിരുന്നു. 58 റണ്‍സിനിടെ മുഴുവന്‍ വിക്കറ്റുകളും ഹൈദരാബാദിന് നഷ്ടമാവുകയായിരുന്നു. നായകന്‍ ഡേവിഡ് വാര്‍ണര്‍ (35), വിജയ് ശങ്കര്‍ (26), ജോണി ബെയര്‍സ്‌റ്റോ (19), മനീഷ് പാണ്ഡെ (15) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മൂന്നു വിക്കറ്റ് വീതമെടുത്ത അര്‍ഷ്ദീപ് സിങും ക്രിസ് ജോര്‍ഡനുമാണ് പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്.നേരത്തേ ഉജ്ജ്വല ബൗളിങിലൂടെ പഞ്ചാബ് ബാറ്റിങ് നിരയെ ഹൈദരാബാദ് വരിഞ്ഞുമുറുക്കുകയായിരുന്നു.