ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് രണ്ടാം ജയം. ന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 134 റൺസ് ഏഴ് പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടന്നു
വമ്പനടികൾക്ക് മുതിരാതെ സെൻസിബിളായ ഇന്നിംഗ്‌സാണ് സഞ്ജു സാംസണിൽ നിന്നുണ്ടായത്. 41 പന്തിൽ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 42 റൺസുമായി പുറത്താകാതെ നിന്ന സഞ്ജുവിന്റെ ബാറ്റിൽ നിന്നുമാണ് വിജയ റൺ പിറന്നതും. യശശ്വി ജയ്‌സ്വാൾ 22, ശിവം ദുബെ 22, ഡേവിഡ് മില്ലർ പുറത്താകാതെ 24 എന്നിവർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ജോസ് ബട്‌ലർ, രാഹുൽ തെവാത്തിയ എന്നിവർ 5 റൺസ് വീതമെടുത്ത് പുറത്തായി
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ബൗളർമാരുടെ പ്രകടനം. കൊൽക്കത്തയെ ഒരു ഘട്ടത്തിൽ പോലും റൺസുയർത്താൻ രാജസ്ഥാൻ ബൗളേഴ്‌സ് സമ്മതിച്ചില്ല. ക്രിസ് മോറിസ് നാലും ഉനദ്കട്ട്, ചേതൻ സക്കരിയ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റും നേടി
36 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ദിനേശ് കാർത്തിക്ക് 25, നിതീഷ് റാണ 22, ശുഭ്മാൻ ഗിൽ 11 റൺസുമെടുത്തു.