വയനാട് ജില്ലയില്‍ വിവാഹ ചടങ്ങുകളില്‍ ഇനി 25 പേര്‍ മാത്രം; മറ്റുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കണം ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 25 ആയി ചുരുക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെുള്ളവരുടെ യോഗം തീരുമാനിച്ചു. പിറന്നാളുകള്‍ പോലുള്ള മറ്റുള്ള ആഘോഷ പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ത്രണങ്ങള്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ ട്രൈബല്‍ കോളനികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. നിലവില്‍ 201 ആക്ടീവ് കേസുകള്‍ കോളനികളിലുണ്ട്. കോളനികളില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ഊരു രക്ഷാ പദ്ധതിയുടെ പുരോഗതി വിലിരുത്തി. ഇതിലൂടെ കോളനികളില്‍ വിപുലമായ ടെസ്റ്റിംഗ് ഉറപ്പാക്കാന്‍ സാധിക്കും. ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ ആകെയുള്ളതില്‍ 52% കിടക്കകളും നിറഞ്ഞിട്ടുണ്ട്. ആകെയുള്ളതില്‍ 28% വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ പനമരത്താണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകള്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലാണ്. നിലവില്‍ ഒരു ദിവസം 1300 ടെസ്റ്റ് നടത്താന്‍ ജില്ലയില്‍ സാധിക്കുന്നുണ്ട്. സി.എഫ്.എല്‍.ടി.സികള്‍, ഡൊമിസിലറി കെയര്‍ സെന്ററുകള്‍ എന്നിവക്കാവശ്യമായ മാര്‍ഗ്ഗരേഖകള്‍ ഉടന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് ഡി.എം.ഒ അറിയിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌സംഷാദ് മരക്കാര്‍, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഡോ. ആര്‍. രേണുക, ജില്ലാ സര്‍വലയന്‍സ് ഓഫീസര്‍ ഡോ. സൗമ്യ, ഡെ. കലക്ടര്‍ (എല്‍.ആര്‍)ഷാമിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.