ആര്‍സിബി ഇന്ന് പഞ്ചാബിനെതിരേ; ജയം തുടരാന്‍ കോലിപ്പട: ജയിക്കാനുറച്ച് പഞ്ചാബും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ആര്‍സിബി ഇറങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ക്ഷീണത്തിലാണ് പഞ്ചാബിന്റെ വരവ്.

 

എല്ലാ സീസണിലും തോറ്റ് തുടങ്ങുന്ന കോലിപ്പട ഇത്തവണ തകര്‍പ്പന്‍ ജയത്തോടെയാണ് 13ാം സീസണിലേക്കുള്ള വരവറിയിച്ചത്. എല്ലാ സീസണിലും ബൗളിങ് ടീമിന് തലവേദന സൃഷ്ടിക്കാറുണ്ടെങ്കിലും ഇത്തവണ ഡെയ്ല്‍ സ്‌റ്റെയിന്‍ എത്തിയതോടെ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരമായി. പരിക്കേറ്റ ക്രിസ് മോറിസിന് കളിക്കാന്‍ സാധിക്കാത്തത് മാത്രമാണ് നിലവില്‍ ആര്‍സിബിയെ അലട്ടുന്ന പ്രശ്‌നം. സ്പിന്‍ ബൗളിങ്ങില്‍ യുസ്‌വേന്ദ്ര ചഹാല്‍ താളം കണ്ടെത്തിക്കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. എബി ഡിവില്ലിയേഴ്‌സ്,യുവതാരം ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ ശോഭിച്ചിരുന്നു. എന്നാല്‍ വിരാട് കോലി ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഇനിയും ഫോമിലേക്കുയരേണ്ടതുണ്ട്.

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോറ്റതിന്റെ ക്ഷീണം മറക്കാന്‍ ഇന്നത്തെ ജയം കിങ്‌സ് ഇലവന്‍ പഞ്ചാബിന് അത്യാവശ്യമാണ്. ബാറ്റിങ് നിരയാണ് ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയത്. മായങ്ക് അഗര്‍വാള്‍ ഒഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ ശോഭിക്കാനായില്ല. കെ എല്‍ രാഹുല്‍,കരുണ്‍ നായര്‍,നിക്കോളാസ് പുരാന്‍,മായങ്ക് അഗര്‍വാള്‍,സര്‍ഫറാസ് ഖാന്‍ തുടങ്ങിയ ബാറ്റ്‌സ്മാന്‍മാരെല്ലാം ഫോമിലേക്കുയരേണ്ടതുണ്ട്. ക്രിസ് ഗെയ്‌ലിനെ ആദ്യ മത്സരത്തില്‍ പഞ്ചാബ് പുറത്തിരുത്തിയിരുന്നു. ആര്‍സിബിക്കെതിരേ മികച്ച റെക്കോഡുള്ള ഗെയ്ല്‍ ഇന്ന് കളിക്കാനുള്ള സാധ്യത കൂടുതലാണ്. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിക്കും ഷെല്‍ഡോന്‍ കോട്രലിനുമൊപ്പം രവി ബിഷ്‌നോയിയും തരക്കേടില്ലാതെ പന്തെറിയുന്നുണ്ട്.

ഐപിഎല്‍ ചരിത്രത്തില്‍ 23 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ 12 മത്സരങ്ങള്‍ വീതം ഇരു ടീമും വിജയിച്ചു. എന്നാല്‍ 2014ല്‍ യുഎഇയില്‍ കളിച്ചപ്പോള്‍ ആര്‍സിബിയെ പഞ്ചാബ് പരാജയപ്പെടുത്തിയിരുന്നു. ആര്‍സിബിക്കെതിരേ പഞ്ചാബിന്റെ ശരാശരി ടീം സ്‌കോര്‍ 155ഉും ആര്‍സിബിയുടെ ശരാശരി ടീം സ്‌കോര്‍ 161 ഉും ആണ്. നിലവിലെ പഞ്ചാബ് താരങ്ങളില്‍ ആര്‍സിബിക്കെതിരേ കൂടുതല്‍ റണ്‍സ് ഗെയ്‌ലിന്റെ പേരിലാണ് (140). ആര്‍സിബി നിരയില്‍ എബി ഡിവില്ലിയേഴ്‌സിനാണ് (662) പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സ്. പഞ്ചാബിനെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ ആര്‍സിബി താരം യുസ് വേന്ദ്ര ചഹാലാണ് (19). പഞ്ചാബിനുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയത് ഷമിയും (2).