സ്പ്രിംക്ലർ ഇനി വേണ്ട; സോഫ്റ്റ്‍‍വെയര്‍ ഉപേക്ഷിച്ച് സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥനത്ത് കോവിഡ് പ്രതിരോധത്തിനായി കൊണ്ടുവന്ന സ്പ്രിംക്ലർ സോഫ്ട് വെയർ ഉപേക്ഷിച്ച് സർക്കാർ. 6 മാസത്തെ കരാർ ഇന്ന് അവസാനിക്കവേയാണ് കരാർ തുടരേണ്ടതില്ലെന്ന് കമ്പനിയോട് സർക്കാർ നിർദ്ദേശിച്ചത്. സംസ്ഥാനത്തിന് ആറ് മാസം സ്പ്രിംക്ലർ കമ്പനി സൌജന്യ സേവനം നൽകുമെന്നും അതിനു ശേഷം കൂടുതൽ സേവനങ്ങൾ ആവശ്യമെങ്കിൽ സർക്കാർ ആവശ്യപ്പെട്ടാൽ തുടരാമെന്നും ഇതിന് ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു നേരത്തെ കരാറിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇനി സ്പ്രിംക്ലറുമായി സഹകരണം തുടരേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

 

സംസ്ഥാന സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ കരാറായിരുന്നു സ്പ്രിംക്ലർ. എന്നാൽ ഏറെ പ്രതീക്ഷയോട് കൊണ്ടുവന്ന സ്പ്രിംക്ലറിന്‍റെ സോഫ്ട് വെയർ ഒരു പ്രാവശ്യം പോലും കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ആദ്യ ഘട്ടത്തിൽ ഒന്നേമുക്കാൽ ലക്ഷത്തോളം രോഗികളുടെ വിവരങ്ങളായിരുന്നു ശേഖരിച്ചിരുന്നത്. പിന്നീട് കരാർ വിവാദമാകുകയും ഹൈക്കോടതി ഇടപെട്ട് ശേഖരിച്ച വിവരങ്ങൾ സി-ഡിറ്റിന് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സി-ഡിറ്റോ സ്പ്രിംക്ലറോ ഇതുവരേയും വിവരങ്ങളുടെ ഫലപ്രദമായ യാതൊരു ഉപയോഗവും നടത്തിയിട്ടില്ലെന്നാണ് വിവരം. ഫലത്തിൽ കോടികൾ ചിലവിട്ട കരാർ വെറുതെയായെന്ന് ചുരുക്കം.