അവസാന ഓവറിൽ ത്യാഗിയുടെ സസ്‌പെൻസ് ത്രില്ലർ; രാജസ്ഥാന് രണ്ട് റൺസിന്റെ അവിശ്വസനീയ ജയം

 

അവസാന ഓവർ തുടങ്ങുമ്പോഴേക്കും പഞ്ചാബ് ക്യാമ്പിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 19ാം ഓവർ അവസാനിക്കുമ്പോൾ പഞ്ചാബ് വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിൽ. അവസാന ഓവറിൽ വേണ്ടത് വെറും നാല് റൺസ്. എട്ട് വിക്കറ്റുകളും ബാക്കി. പക്ഷേ കാർത്തിക് ത്യാഗിയെന്ന യുവ ബൗളർ തന്റെ പ്രകടനം ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളു. ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ റോയൽസിന് രണ്ട് റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം. പഞ്ചാബ് ക്യാമ്പിൽ കണ്ണീരും

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന രാജസ്ഥാൻ 20 ഓവറിൽ 185 റൺസിന് ഓൾ ഔട്ടായി. ഓപണർമാരായ എവിൻ ലൂയിസും യശസ്വി ജയ്‌സ്വാളും ചേർന്ന് ഒന്നാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 54 റൺസ്. ലൂയിസ് 36 റൺസും ജയ്‌സ്വാൾ 49 റൺസുമെടുത്ത് പുറത്തായി. മഹിപാൽ ലോംറോർ 17 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും സഹിതം 43 റൺസെടുത്തു. സഞ്ജു 4 റൺസിനും ലിവിംഗ്‌സ്റ്റൺ 25 റൺസിനും പുറത്തായി.

3ന് 116 എന്ന നിലയിൽ നിന്നും 20ാം ഓവറിലെ അവസാന പന്തിൽ 185 റൺസിന് രാജസ്ഥാൻ ഓൾ ഔട്ടാകുകയായിരുന്നു. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ് അഞ്ചും മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഇഷാൻ പോരൽ, ഹർപ്രീദ് ബ്രർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 120 റൺസാണ്. രാഹുൽ 49 റൺസിനും മായങ്ക് അഗർവാൾ 67 റൺസിനും പുറത്തായി. നിക്കോളാസ് പൂരൻ 32 റൺസെടുത്തു. 19ാം ഓവറിലെ മൂന്നാം പന്തിലാണ് പൂരൻ പുറത്താകുന്നത്. അപ്പോഴും ബാക്കി മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രമായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. നാലാം പന്ത്  നേരിട്ട ദീപക് ഹൂഡക്ക് റൺസ് എടുക്കാനായില്ല.