കോഴിക്കോട് കുതിരവട്ടത്ത് സ്പായുടെ മറവിൽ പെൺവാണിഭം

 

കോഴിക്കോട് കുതിരവട്ടത്ത് സ്പായുടെ മറവിൽ പെൺവാണിഭം . രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി. ഒളിവിൽ പോയ സ്പാ ഉടമകൾക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്തുളള നാച്ചുറൽ വെൽനെസ് സ്പായിലായിരുന്നു പോലീസ് റെയ്ഡ് . കഴിഞ്ഞ ഏതാനും മാസങ്ങളായി സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലിസ് പറഞ്ഞു. കേന്ദ്രത്തിലുണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളായ സ്ത്രീകളെ രക്ഷപ്പെടുത്തി പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

സ്പായുടെ മാനേജറായ മാനന്തവാടി സ്വദേശി പി.എസ്. വിഷ്ണു, മഞ്ചരി സ്വദേശി മഹ്റൂഫ് എന്നിവരെ അറസ്റ്റ് ചെയ്തു. ഉടമകളായ വയനാട് സ്വദേശി ക്രിസ്മി, തൃശൂർ സ്വദേശി ഫിലിപ്പ് ,ആലുവ സ്വദേശി ജെയ്ക് ജോസ് എന്നിവർക്കായി തെരച്ചിൽ ഊർജിതമാക്കി. കോർപ്പറേഷന്‍റെ അനുമതിയില്ലാതെയാണ് സ്പാ പ്രവർത്തിച്ചിരുന്നത്. ഓൺലൈനിലൂടെയാണ് ഇവർ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്നായി സ്ത്രീകളെ ഇവിടേയ്ക്ക് എത്തിച്ചിരുന്നതായി ജീവനക്കാർ മൊഴി നൽകി. അനുമതിയില്ലാതെ സ്ഥാപനം നടത്തിയതിന് ഉടമകൾക്കെതിരെ കേസെടുത്തു.