ഈ ഐ.പി.എല്‍ സീസണോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോഹ്ലി. എന്നാല്‍, ഐപിഎല്‍ രണ്ടാംപാദത്തിലെ ടീമിന്റെ ആദ്യകളിക്കിറങ്ങുന്ന താരം ഇന്ന് ഐ.പി.എല്‍ കരിയറില്‍ പുതിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ നടക്കുന്ന മത്സരത്തോടെ ഐ.പി.എല്ലില്‍ കോഹ്ലി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും.
ഐ.പി.എല്ലില്‍ 199 മത്സരങ്ങളില്‍നിന്നായി അഞ്ച് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയുമടക്കം 6,076 റണ്‍സാണ് കോഹ്ലി ഇതുവരെ അടിച്ചുകൂട്ടിയത്. 2016 സീസണില്‍ പഞ്ചാബിനെതിരെയാണ് കോഹ്ലിയുടെ ഏറ്റവും മികച്ച പ്രകടനം. കോഹ്ലി 113 റണ്‍സാണ് അന്ന് കോഹ്ലി അടിച്ചത്.
ബാംഗ്ലൂരിന്റെ നായകവേഷത്തില്‍ കോഹ്ലിയുടെ 133-ാമത് മത്സരമാണ് ഇന്നത്തേത്. ഇതുവരെ കോഹ്ലിയുടെ നായകത്വത്തില്‍ ബാംഗ്ലൂര്‍ 60 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 65 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞു. ഏഴ് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.
കോഹ്ലിക്ക് പുറമെ എം.എസ് ധോണി, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്ക്, സുരേഷ് റൈന എന്നിവരാണ് ഐ.പി.എല്ലില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.