ഇന്ത്യ വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സമ്പൂർണ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്നുകൂടി ജയിച്ചാൽ ടി20 റാങ്കിംഗിൽ ഒന്നാമത് എത്താൻ ഇന്ത്യക്ക് സാധിക്കും
വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ ടീമിൽ മാറ്റങ്ങളുറപ്പാണ്. റിതുരാജ് ഗെയ്ക്ക് വാദ് ആകും രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. ഇഷാൻ കിഷൻ മധ്യനിരയിലേക്കിറങ്ങും. ശ്രേയസ്സ് അയ്യരും ടീമിലിടം നേടിയേക്കും.
വെങ്കിടേഷ് അയ്യർക്ക് പകരം ദീപക് ഹൂഡയും ദീപക് ചാഹറിന് പകരം ഷാർദൂൽ താക്കൂറും ഭുവനേശ്വർ കുമാറിന് പകരം ആവേശ് ഖാനെയും പരിഗണിക്കുന്നുണ്ട്. അതേസമയം വിൻഡീസ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല.