മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി : ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ അവിസ്മരണീയ താരമാണ് മില്‍ഖാ സിങ്ങെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. മില്‍ഖാ സിങ്ങിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അനുശോചന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മില്‍ഖാ സിങ്ങുമായി സംസാരിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയ ആളാണ് മില്‍ഖ.

പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ദശലക്ഷകണക്കിന് ആളുകളെ ആകര്‍ഷിച്ചു. വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് അദ്ദേഹം പ്രചോദനമാണ്. അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ കടുത്ത മനോവേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.