മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തം; വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്ര തടസത്തെ തുടര്‍ന്ന് ഇട്ടിരുന്ന ട്യൂബ് മാറ്റുന്നതിനും സ്ഥിരം പരിശോധനയ്ക്കുമായാണ് അദ്ദേഹം മകന്‍ നാരായണനൊപ്പം സ്വകാര്യ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഐ സിയുവിലായിരുന്നു. കഴിഞ്ഞ മാസം 24ന് ആണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ വസതിയില്‍ മന്ത്രി എകെ ബാലനെത്തി പുരസ്ക്കാരം നല്‍കിയത്.

വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.