അര്‍ജന്റീനയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; എതിരാളി കരുത്തരായ ഉറുഗ്വേ

 

കോപ്പാ അമേരിക്ക 2021ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. കരുത്തരായ അര്‍ജന്റീനയും ഉറുഗ്വേയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം ആവേശകരമാവും. രാവിലെ 5.30നാണ് മത്സരം. ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും നേര്‍ക്കുനേര്‍ എത്തുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ ചിലി-ബൊളീവിയയേയും നേരിടും.

ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ ചിലിയോട് 1-1 സമനില വഴങ്ങിയതിനാല്‍ ഇന്ന് ജയിക്കേണ്ടത് അര്‍ജന്റീനയ്ക്ക് അനിവാര്യമാണ്. എന്നാല്‍ ഉറുഗ്വേയോട് ജയിക്കുക അര്‍ജന്റീനയ്ക്ക് എളുപ്പമല്ല. ആദ്യ മത്സരത്തിനിറങ്ങുന്ന ഉറുഗ്വേ ജയത്തോടെ തുടങ്ങാനുറച്ച് ഇറങ്ങുമ്പോള്‍ ലയണല്‍ മെസ്സിയും സംഘവും പ്രയാസപ്പെടും.

ആത്മവിശ്വാസമില്ലാത്ത പ്രകടനമാണ് അര്‍ജന്റീന കാഴ്ചവെക്കുന്നത്. പലപ്പോഴും ലയണല്‍ മെസ്സിയെന്ന ഒറ്റപേരിലേക്ക് അര്‍ജന്റീന ഒതുങ്ങുന്നു. ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ അവസാനം കളിച്ച 14 മത്സരത്തിലും അര്‍ജന്റീന തോറ്റിട്ടില്ല. ഏഴ് ജയവും ഏഴ് സമനിലയുമാണ് അര്‍ജന്റീന നേടിയത്. ചിലിക്കെതിരേ മഴവില്‍ അഴകില്‍ ഫ്രീ കിക്ക് നേടിയ മെസ്സിയില്‍ത്തന്നെയാണ് ഇന്നും അര്‍ജന്റീനയുടെ പ്രതീക്ഷകള്‍.

മാര്‍ട്ടിനെസ്,ഗോണ്‍സാലസ്,കോറിയ,ഏഞ്ചല്‍ ഡി മരിയ,അഗ്യൂറോ തുടങ്ങിയ മികച്ച താരങ്ങള്‍ മെസ്സിക്കൊപ്പം അര്‍ജന്റീനയില്‍ ഉണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ഉറുഗ്വേയോട് തോറ്റാല്‍ അര്‍ജന്റീന സംബന്ധിച്ചത് വലിയ തിരിച്ചടിയായിരിക്കും. അതേ സമയം കോപ്പാ അമേരിക്കയില്‍ കൂടുതല്‍ തവണ കിരീടം ഉയര്‍ത്തിയിട്ടുള്ള ഉറുഗ്വേയെ കീഴടക്കുക എളുപ്പമാവില്ല.

എഡിന്‍സന്‍ കവാനി,ലൂയിസ് സുവാരസ് എന്നിവരില്‍ത്തന്നെയാവും ഉറുഗ്വെയുടെ പ്രതീക്ഷകള്‍. 16ാം കിരീടം ലക്ഷ്യമിടുന്ന ഉറുഗ്വേയ്ക്ക് അത് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള നിരയാണ് ഒപ്പമുള്ളത്. അവസാനമായി 2019ലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് 2-2 എന്ന നിലയില്‍ സമനിലയിലാണ് ഇരു കൂട്ടരും പിരിഞ്ഞത്.

ചിലി ബൊളീവിയ മത്സരവും ആവേശകരമാവും. അര്‍ജന്റീനയെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തില്‍ ചിലി ഇറങ്ങുമ്പോള്‍ പരാഗ്വയോട് 3-1ന് തോറ്റ ക്ഷീണത്തിലാണ് ബൊളീവിയ ഇറങ്ങുന്നത്. അവസാനം കളിച്ച മൂന്ന് മത്സരത്തിലും സമനില പിടിക്കാന്‍ ചിലിക്കായിരുന്നു. അതേ സമയം അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്നിലും തോറ്റാണ് ബൊളീവിയയുടെ വരവ്. ഈ വര്‍ഷം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 1-1 സമനിലയിലാണ് പിരിഞ്ഞത്.