ജര്‍മനി x ഫ്രാന്‍സ്; പോര്‍ച്ചുഗല്‍ x ഹംഗറി: ആരാധകര്‍ക്കിന്ന് ആവേശ ദിനം

 

യുവേഫ യൂറോ കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. വൈകീട്ട് 9.30ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഹംഗറിയെ നേരിടുമ്പോള്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സും ജര്‍മനിയും പോരടിക്കും. വമ്പന്‍ ടീമുകള്‍ ആയതിനാല്‍ത്തന്നെ സൂപ്പര്‍ പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സോണി ചാനലുകളിലാണ് മത്സരം തത്സമയം കാണാനാവാം.

നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ജയത്തോടെ തുടങ്ങാനുറച്ചാവും ഹംഗറിക്കെതിരേ ഇറങ്ങുക. ലയണല്‍ മെസ്സി തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോള്‍ നേടി കോപ്പാ അമേരിക്കയില്‍ വരവറിയിച്ചതിനാല്‍ യൂറോയില്‍ തിളങ്ങേണ്ടത് റൊണാള്‍ഡോയേ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. മികച്ച ടീം തന്നെ പോര്‍ച്ചുഗലിനുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന വന്മരത്തെ അമിതമായി ആശ്രയിക്കുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്.

ആന്‍ഡ്രേ സില്‍വ, ബെര്‍ണാര്‍ഡോ സില്‍വ, ഡീഗോ ജോറ്റ, ജോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, പെപ്പെ തുടങ്ങിയവരെല്ലാം പോര്‍ച്ചുഗല്‍ നിരയിലുണ്ട്. എന്നാല്‍ ഹംഗറിയെ അനായാസം കീഴടക്കുക പ്രയാസമാവും. അവസാനം കളിച്ച 11 മത്സരത്തിലും അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഏഴ് ജയവും നാല് സമനിലയുമാണ് ടീമിന്റെ പേരിലുള്ളത്.

പോര്‍ച്ചുഗലിന് തുടര്‍ച്ചയായി രണ്ട് തവണ യൂറോ കപ്പ് നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതി സ്വന്തമാക്കാനുള്ള അവസരമാണ്. സ്‌പെയിനാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. 2019നവംബറിന് ശേഷം ഒരു തവണ മാത്രമാണ് പോര്‍ച്ചുഗല്‍ തോറ്റത്. 10 മത്സരം ജയിക്കുകയും നാല് മത്സരം സമനിലയാക്കുകയും ചെയ്തു. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഏക പക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗല്‍ ഹംഗറിയെ തോല്‍പ്പിച്ചിരുന്നു.

രാത്രി 12.30ന് നടക്കുന്ന മത്സരമാണ് കൂടുതല്‍ ആവേശകരം.നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയും നേര്‍ക്കുനേര്‍ എത്തുകയാണ്. ജര്‍മനിയിലെ മ്യൂണിക്കിലാണ് മത്സരം. എംബാപ്പെ, ഗ്രിസ്മാന്‍, ബെന്‍സേമ, പോള്‍ പോഗ്ബ, ഒലിവര്‍ ജിറൗഡ്, ഡെംബല്ലെ, എന്‍ഗോളോ കാന്റെ, റാഫേല്‍ വരാനെ, ബെഞ്ചമിന്‍ പവാര്‍ഡ് തുടങ്ങിയ വലിയ താരനിരയാണ് ഫ്രാന്‍സിന്റെ ശക്തി. ജര്‍മനിയില്‍ അവസാനം കളിച്ച അഞ്ച് മത്സരത്തിലും ഫ്രാന്‍സ് തോറ്റിട്ടില്ല. മൂന്ന് മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയായി.

ജര്‍മനിക്കൊപ്പവും മികച്ച താരങ്ങളുണ്ട്. തിമോ വെര്‍ണര്‍, കെയ് ഹാവര്‍ട്ട്‌സ്, ലിറോയ് സാനെ, ഗുണ്ടോകന്‍, കിമ്മിച്ച്, ടോണി ക്രൂസ് തുടങ്ങിയവര്‍ക്കൊപ്പം വല കാക്കാന്‍ മാനുവല്‍ ന്യൂയറുമുണ്ടാവും. സമീപകാലത്തെ ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല. നോര്‍ത്ത് മാസിഡോണിയയോട് ഏപ്രിലില്‍ നടന്ന മത്സരത്തില്‍ ജര്‍മനി തോറ്റിരുന്നു.

2018ലെ യുവേഫ നാഷന്‍സ് ലീഗിലാണ് ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. മത്സരത്തില്‍ 2-1ന് ജയം ഫ്രാന്‍സിനൊപ്പമായിരുന്നു.