‘ജയിക്കാനുള്ള ആവേശം കണ്ടില്ല’; തോല്‍വിയ്ക്ക് പിന്നാലെ ടീമിനെ വിമര്‍ശിച്ച് കോഹ്‌ലി

മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി നായകന്‍ വിരാട് കോഹ്‌ലി. ഫീല്‍ഡിംഗിനിറങ്ങിയപ്പോള്‍ ജയിക്കാനുള്ള ആവേശം പ്രകടമായിരുന്നില്ലെന്നും താരങ്ങളുടെ ശരീരഭാഷ മോശമായിരുന്നെന്നും കോഹ്‌ലി പറഞ്ഞു.

‘ടോസ് മത്സരത്തിലെ നിര്‍ണ്ണായക ഘടകമാണ്. ന്യൂബോളില്‍ ആദ്യം ബാറ്റ് ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ്. ഇംഗ്ലണ്ടിന് എക്സ്ട്രാ പേസും മികച്ച ലൈനും ലെങ്തും ബൗളിങ്ങില്‍ കൊണ്ടുവരാന്‍ സാധിച്ചു. കൂട്ടുകെട്ടുകള്‍ അനിവാര്യമായിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയും ബുദ്ധിമുട്ടി.’

‘ആക്രമിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എനിക്ക് കൂടുതല്‍ തുടരേണ്ടത് അനിവാര്യമായിരുന്നു. അതിനായാണ് നിലയുറപ്പിച്ച ശേഷം ഭേദപ്പെട്ട ടോട്ടലിനായി ശ്രമിച്ചത്. ഫീല്‍ഡിംഗിനിറങ്ങിയപ്പോള്‍ ജയിക്കാനുള്ള ആവേശത്തില്‍ കുറവ് വന്നു. തിരിച്ചുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ രണ്ടാം ഭാഗത്തിലെ ശരീരഭാഷ അതിന് അനുയോജ്യമല്ലായിരുന്നു’ കോഹ്‌ലി പറഞ്ഞു.

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 157 റണ്‍സിന്റെ വിജയലക്ഷ്യം 18.2 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. 52 പന്തുകളില്‍ 83 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബ്ടലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. ഇ്ന്ത്യയ്ക്കായി നായകന്‍ വിരാട് കോഹ്ലി 46 പന്തുകളില്‍ പുറത്താകാതെ 77 റണ്‍സ് നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.