മലയാളി നായകന് ആദ്യജയം: ഡൽഹിയെ രാജസ്ഥാൻ പരാജയപ്പെടുത്തിയത് മൂന്ന് വിക്കറ്റിന്

 

ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ആദ്യ ജയം. ഡൽഹിയെ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. പരാജയം പലതവണ മുന്നിൽ കണ്ട മത്സരത്തിൽ അവസാന ഓവറുകളിൽ ക്രിസ് മോറിസ് നടത്തിയ രക്ഷാപ്രവർത്തനമാണ് രാജസ്ഥാനെ തുണച്ചത്

ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വെറും രണ്ട് പന്തുകൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നു.

നേരത്തെ നായകൻ റിഷഭ് പന്തിന്റെ അർധ സെഞ്ച്വറി മികവിലാണ് ഡൽഹി സ്‌കോർ ഉയർത്തിയത്. പന്ത് 32 ബോളിൽ 51 റൺസെടുത്തു. ടോം കരൺ 21 റൺസും ലലിത് യാദവ് 20 റൺസുമെടുത്തു. രാജസ്ഥാന് വേണ്ടി ജയദേവ് ഉനദ്കട്ട് മൂന്നും മുസ്തഫിസുർ റഹ്മാൻ രണ്ടും ക്രിസ് മോറിസ് ഒരു വിക്കറ്റുമെടുത്തു

തകർച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. മൂന്നാം ഓവറിൽ തന്നെ മനൻ വോറയും ജോസ് ബട്‌ലറും പുറത്ത്. നാലാം ഓവറിൽ സഞ്ജുവും പുറത്തായതോടെ രാജസ്ഥാൻ 3ന് 17 റൺസ് എന്ന നിലയിലായി. 42 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും 104 റൺസിനിടെ ഏഴ് വിക്കറ്റും വീണു. പിന്നീട് ക്രിസ് മോറിസും ജയദേവ് ഉനദ്കട്ടും ചേർന്ന് വിജയലക്ഷ്യം പൂർത്തിയാക്കി

43 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 62 റൺസെടുത്ത ഡേവിഡ് മില്ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ക്രിസ് മോറിസ് 18 പന്തിൽ നാല് സിക്‌സറുകൾ സഹിതം 36 റൺസെടുത്തു. രാഹുൽ തെവാത്തിയ 19 റൺസും ഉനദ്കട്ട് 11 റൺസുമെടുത്തു. മറ്റാരും രണ്ടക്കം തികച്ചില്ല