ലങ്കൻ പര്യടനത്തിനുള്ള ടീമിന്റെ നായകനായി ധവാൻ എത്തിയേക്കും; ദ്രാവിഡ് പരിശീലകനാകാനും സാധ്യത

ജൂലൈയിൽ ശ്രീലങ്കയുമായി നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നായകനായി ശിഖർ ധവാനോ ഹാർദിക് പാണ്ഡ്യയോ എത്തുമെന്ന് സൂചന. വിരാട് കോഹ്ലി, രോഹിത് ശർമ, രഹാനെ തുടങ്ങിയ താരങ്ങളെല്ലാം ഇംഗ്ലണ്ട് പരമ്പരക്കായി പോകുന്നതിനാലാണ് ലങ്കൻ പര്യടനത്തിനായി മറ്റൊരു ടീമിനെ ബിസിസിഐ രൂപപ്പെടുത്തുന്നത്.

ഹാർദികിനെ അപേക്ഷിച്ച് ശിഖർ ധവാനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്താനും സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങി ഐപിഎല്ലിൽ തിളങ്ങിയ താരങ്ങൾ ടീമിലുണ്ടാകും.

ലങ്കക്കെതിരെ മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യ കളിക്കുക. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരങ്ങളെല്ലാം. ലങ്കൻ പര്യടനം നടക്കുമ്പോൾ തന്നെയാണ് കോഹ്ലിയും സംഘവും ഇംഗ്ലണ്ടിൽ കളിക്കുന്നതും.