28 വർഷത്തെ കാത്തിരിപ്പ്: ഒടുവിൽ കാനറികളുടെ ചിറകരിഞ്ഞ് മെസ്സിപ്പടയ്ക്ക് കോപാ കിരീടം

 

കാലത്തിന്റെ കാവ്യനീതിയാണ് മാറക്കാന സ്റ്റേഡിയത്തിൽ ഇന്നുണ്ടായത്. ഫുട്‌ബോളിലെ മിശിഹക്ക് ഒരു കിരീടം പോലുമില്ലാതെ കരിയർ അവസാനിപ്പിക്കേണ്ടി വരുമോയെന്ന ഭീതി ആരാധകർക്കുണ്ടായിരുന്നു. പക്ഷേ കോപാ അമേരിക്ക 2021 ഫൈനലിൽ എയ്ഞ്ചൽ ഡി മരിയ മാലാഖയായി അവതരിച്ചതോടെ അർജന്റീന ആരാധകരുടെയും മെസ്സിയുടെയും കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു

നിലവിലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് അർജന്റീന കപ്പ് നേടിയത്. ഇതിന് മുമ്പ് 1993ലായിരുന്നു അർജന്റീനയുടെ കിരീട നേട്ടം. 2004ലും 2007ലും ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ടു. 2015, 2017 വർഷങ്ങളിൽ ചിലിയോടും. ഇത്തവണ എല്ലാ കുറവുകളും മാറ്റിവെച്ച് കോപയിൽ മെസ്സിയും കൂട്ടരും മുത്തമിട്ടു.

ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയതോടെ ഫൈനൽ മത്സരത്തിൽ ലാറ്റിനമേരിക്കയുടെ തനതായ ശൈലിയൊക്കെ നഷ്ടപ്പെട്ടിരുന്നു. റഫറിക്ക് ഫൗൾ വിസിൽ മുഴക്കാനും യെല്ലോ കാർഡ് പുറത്തെടുക്കാനും മാത്രമേ സമയമുണ്ടായിരുന്നുള്ളു. എങ്കിലും ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ കണ്ണുകളിൽ സന്തോഷാശ്രു പൊടിഞ്ഞു.