വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂർണ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ഇന്ന് ജയിച്ച് പരമ്പര തൂത്തുവാരിയിൽ രോഹിത് ശർമക്ക് അപൂർവ റെക്കോർഡും സ്വന്തമാക്കാം.
നായകനായുള്ള ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണ വിജയമെന്ന റെക്കോർഡാണ് രോഹിതിനെ കാത്തിരിക്കുന്നത്. കൂടാതെ 2015ന് ശേഷം ഇന്ത്യയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ നായകനെന്ന ഖ്യാതിയും രോഹിതിന് ലഭിക്കും. 2015ൽ ഇന്ത്യ ശ്രീലങ്കക്കെതിരെയാണ് ഏകദിന പരമ്പരയിൽ അവസാനമായി സമ്പൂർണ വിജയം നേടിയത്.
2017ൽ ശ്രീലങ്കയിൽവെച്ച് ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ വിജയം നേടിയിയിരുന്നു. ശ്രീലങ്ക, ന്യൂസിലാൻഡ്, സിംബാബ് വേ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ ഇതുവരെ സമ്പൂർണ വിജയം നേടിയിട്ടുള്ളത്. ഇന്ന് ജയിച്ചാൽ വിൻഡീസിനെതിരെ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം നേടിയ ആദ്യ ഇന്ത്യൻ നായകനെന്ന റെക്കോർഡും രോഹിതിന് സ്വന്തമാക്കാം.