തുടര്‍ച്ചയായ 10ാം മല്‍സരത്തിലും 50ലധികം സ്‌കോര്‍; സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്

ലക്‌നൗ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാനയ്ക്ക് അപൂര്‍വ റെക്കോഡ്. തുടര്‍ച്ചയായ 10 മല്‍സരങ്ങളില്‍ 50ലധികം സ്‌കോര്‍ നേടിയ റെക്കോഡാണ് താരത്തിന്റെ പേരിലായത്. ലോക ക്രിക്കറ്റില്‍ മറ്റൊരു താരവും ഈ റെക്കോഡ് നേടിയിട്ടില്ല. സന്ദര്‍ശകര്‍ക്കെതിരേ ഇന്ന് 80 റണ്‍സ് നേടിയാണ് മന്ദാന റെക്കോഡ് നേടിയത്. മുമ്പ് ഈ റെക്കോഡ് ന്യൂസിലന്റിന്റെ സുസി ബേറ്റസിന്റെ പേരിലായിരുന്നു. താരം തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങളില്‍ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. 57, 52, 86, 53, 73, 105, 90, 63, 74,80 എന്നിങ്ങനെയാണ് മന്ദാന കഴിഞ്ഞ 10 മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്തത്.

മന്ദാനയുടെ ഇന്നിങ്‌സ് പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 157 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നേരത്തെ ജൂലാന്‍ ഗോസ്വാമി ഇന്ത്യയ്ക്കായി നാല് വിക്കറ്റും രാജേശ്വരി മൂന്നും വിക്കറ്റ് നേടിയിരുന്നു. ജയത്തോടെ നാല് മല്‍സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി.