യൂറോ കപ്പിൽ ഇംഗ്ലീഷ് വീര്യം: ഡെൻമാർക്കിനെ 2-1ന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

 

യൂറോ കപ്പ് കലാശപ്പോരിലേക്ക് മാർച്ച് ചെയ്ത് ഇംഗ്ലണ്ട്. വെംബ്ലിയിൽ നടന്ന മത്സരത്തിൽ അറുപതിനായിരത്തോളം കാണികളെ സാക്ഷി നിർത്തി ഡെൻമാർക്കിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇംഗ്ലണ്ട് വിജയത്തിലേക്കേറിയത്. എക്‌സ്ട്രാ ടൈമിൽ നായകൻ ഹാരി കെയ്‌ന്റെ പെനാൽറ്റിയിലൂടെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ പിറന്നത്. നീണ്ട 56 വർഷത്തിന് ശേഷം ഇംഗ്ലണ്ട് ഒരു പ്രധാന കിരീടം ലക്ഷ്യമിടുകയാണ്. ഫൈനലിൽ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. യൂറോ കപ്പിൽ ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിക്കുന്നത്.

30ാം മിനിറ്റിൽ ഡംസ്ഗാർഡ് ഫ്രീക്കിക്കിലൂടെ ഇംഗ്ലീഷ് വല ചലിപ്പിക്കുന്നത് കണ്ട് വെംബ്ലി ഞെട്ടി. എന്നാൽ വൈകാതെ തന്നെ ഇംഗ്ലണ്ട് പ്രത്യാക്രമണം തുടങ്ങി. 39ാം മിനിറ്റിൽ ഒരു പാസ് ക്ലിയർ ചെയ്യാൻ ശ്രമിക്കവെ ഡെൻമാർക്ക് നായകൻ സിമോൺ കെയറിന് പിഴച്ചു. സെൽഫ്‌ഗോളായി പന്ത് വലയിൽ

രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. എങ്കിലും പോരാട്ട വീര്യം കൂടുതൽ ഇംഗ്ലണ്ടിനായിരുന്നു. നിശ്ചിത സമയത്ത് പിന്നീട് ഗോൾ പിറക്കാത്തതിനെ തുടർന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. 104ാം മിനിറ്റിൽ സ്റ്റെർലിംഗിനെ ബോക്‌സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി എടുക്കാൻ എത്തിയത് നായകൻ കെയ്ൻ. കിക്കെടുത്ത കെയ്‌ന് പിഴച്ചു. ഷോട്ട് ഡെൻമാർക്ക് ഗോളി തട്ടിയകറ്റി. പക്ഷേ പന്ത് വന്നത് കെയ്‌ന്റെ കാലിലേക്ക് തന്നെ. രണ്ടാം അവസരത്തിൽ കെയ്ൻ ലക്ഷ്യം കണ്ടു. ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിൽ