ടി20 ലോകകപ്പിനുള്ള ടീമുകളെ ഈയിടെ ഐ സി സി രണ്ട് ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ വന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 2021 മാര്‍ച്ച് 20 വരെയുള്ള ടീം റാങ്കിങ് നോക്കിയാണ് ഗ്രൂപ്പിലേക്ക് ടീമുകളെ തെരഞ്ഞെടുത്തത്.
ഇപ്പോഴിതാ ഇന്ത്യ- പാക് മത്സര തിയ്യതിയും പുറത്ത് വന്നിരിക്കുകയാണ്. ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24ന് പാകിസ്ഥാനെ നേരിടും. ദുബായ് ആയിരിക്കും ഇന്ത്യ-പാക് മത്സരത്തിന്റെ വേദി എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. മുന്‍പ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്.