ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനം തുടരുന്നതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം തിരുത്തി യുവരാജ് സിംഗ് തിരികെ വരുന്നു. 2019ലാണ് താരം ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്ന് ഇൻസ്റ്റഗ്രാം വീഡിയോ വഴി താരം സൂചന നൽകുന്നു
നമ്മുടെ വിധി ദൈവത്തിന്റെ കൈകളിലാണ്. പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലിറങ്ങാമെനന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആവേശത്തോടെ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. തുടർന്നും ഇന്ത്യയെ പിന്തുണക്കുക. അത് നമ്മുടെ സ്വന്തം ടീമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവരാണ് യഥാർഥ ആരാധകർ എന്നും 39കാരനായ താരം വീഡിയോയിൽ പറയുന്നു.
താരം തിരികെ എത്തുമെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. എന്നാൽ ഇന്ത്യൻ ജേഴ്‌സിയിൽ താരത്തെ വീണ്ടും കാണാനാകുമോയെന്നതിൽ ഉറപ്പില്ല. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം നേടുമ്പോൾ നിർണായകമായത് യുവരാജിന്റെ പ്രകടനമായിരുന്നു. ടൂർണമെന്റിലെ താരം കൂടിയായിരുന്നു യുവരാജ്.