അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ്; റെക്കോർഡ് കുതിപ്പിൽ സച്ചിനെയും പിന്തള്ളി കോഹ്ലി

 

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡുമായി ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി. അതിവേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിനെയാണ് കോഹ്ലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായി ഓവലിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോഹ്ലിയുടെ റെക്കോർഡ് നേട്ടം

490 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് തികച്ചത്. സച്ചിൻ 522 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിനേക്കാൾ 32 ഇന്നിംഗ്‌സ് കുറച്ച് കളിച്ചാണ് കോഹ്ലി 23,000 റൺസിലേക്ക് എത്തിയത്.

23,000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ താരം കൂടിയാണ് കോഹ്ലി. റിക്കി പോണ്ടിംഗ് 544 ഇന്നിംഗ്‌സുകളിൽ നിന്നും കുമാർ സംഗക്കാര 568, രാഹുൽ ദ്രാവിഡ് 576, മഹേള ജയവർധനെ 645 ഇന്നിംഗ്‌സുകളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.