വീടുവിട്ടുപോയ അമ്മയെ കാണാതൈ മകൾ നിർത്താതെ കരഞ്ഞു; പിതാവ് നാലുവയസുകാരിയെ കഴുത്തു ഞെരിച്ചു കൊന്നു

നിർത്താതെ കരഞ്ഞതിനെ തുടർന്ന് നാല് വയസ്സുകാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. 28കാരനായ വാസുദേവ് ഗുപ്തയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു

20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് വാസുദേവ് ഗുപ്ത അസ്വസ്ഥനായിരുന്നു. മകളുടെ കരച്ചിൽ നിർത്താൻ സാധിക്കാതെ വന്നതോടെയാണ് ഗുപ്ത മകളെ കൊലപ്പെടുത്തിയത്. തുടർന്ന് മകളുടെ മൃതദേഹവുമായി ഓട്ടോ റിക്ഷയിൽ കറങ്ങുന്നതിനിടെയാണ് പോലീസ് പിടികൂടുന്നത്. വാസുദേവ് ഗുപ്ത ഓട്ടോ റിക്ഷ ഡ്രൈവറാണ്.

വഴക്കിനെ തുടർന്ന് മൂന്ന് വയസ്സുള്ള മകനെയും എടുത്താണ് ഭാര്യ 20 ദിവസം മുമ്പ് വീടു വിട്ട് പോയത്. മകളെ ഗുപ്തക്കൊപ്പം നിർത്തുകയും ചെയ്തു. സംഭവ ദിവസം ഗുപതയുടെ സഹോദരൻ വിളിക്കുമ്പോഴാണ് താൻ മകളെ കൊലപ്പെടുത്തിയെന്നും ഭാര്യയെ അന്വേഷിച്ച് ഓട്ടോറിക്ഷയിൽ പോകുകയാണെന്നും ഇയാൾ പറഞ്ഞത്. തുടർന്ന് സഹോദരൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.