മദ്യപിക്കാൻ പണം നല്‍ക്കാത്തതിന് മകൻ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി

മദ്യപിക്കാൻ പണം നല്‍ക്കാത്തതിന് മകൻ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ നാഗര്‍കൂനൂര്‍ ജില്ലയിലാണ് അതിക്രൂര സംഭവം. അറുപത്തിയഞ്ചുകാരിയായ വയോധികയാണ് മദ്യത്തിന് അടിമയായ മകന്റെ കൊലക്കത്തിക്ക് ഇരയായത്. നാല്‍പത്തിയഞ്ചുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിവായി മദ്യപിച്ച് വഴക്കിടുന്ന ഇയാള്‍ അമ്മയെ മര്‍ദ്ദിക്കുക പതിവായിരുന്നു.
കൃത്യം നടന്ന ദിവസം ഇയാള്‍ അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ മകന്റെ ശീലം അറിയാവുന്ന ഇവര്‍ പണം നല്‍കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.സ്ത്രീയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തലയുമായി കടന്നുകളയുകയായിരുന്നു

തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ സമീപ പ്രദേശത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ പരിസരത്തു നിന്നു തന്നെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ സ്ത്രീയുടെ തലയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഇയാളുടെ മൂത്ത സഹോദരൻ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു